തിരുവനന്തപുരം : അഴിമതി കണ്ടെത്തുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ളോവേഴ്സ് നിയമ പ്രകാരം തനിക്കു സംരക്ഷണം വേണമെന്നു കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന് തച്ചങ്കരി മുഖ്യമന്ത്രിക്കു കത്തു നല്കി. കണ്‍സ്യൂമര്‍ഫെഡില്‍ അരങ്ങേറിയ 100 കോടിയോളം രൂപയുടെ അഴിമതി പുറത്തു കൊണ്ടുവന്നതിനെ തുടര്‍ന്നു എംഡിയെ തന്നെ മാറ്റാന്‍ ഉന്നതതല നീക്കം നടക്കുന്നതിനിടെയാണ് അദ്ദേഹം സംരക്ഷണം തേടിയത്.
അഴിമതി സംബന്ധിച്ചു നാലു മാസത്തിനിടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു തച്ചങ്കരി സര്‍ക്കാരിനു നല്കിയതു 22 റിപ്പോര്‍ട്ടുകളാണ്. ഇതില്‍ അറുപതിലേറെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. 22 പേരെ തച്ചങ്കരി നേരിട്ടു സസ്പെന്‍ഡു ചെയ്തു. ഒടുവില്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എംഡി: റിജി ജി. നായര്‍ എന്നിവര്‍ക്കെതിരെ അന്വേഷണവും ബോര്‍ഡ് പിരിച്ചുവിടണമെന്ന ശുപാര്‍ശയും അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കിയതോടെയാണു സഹകരണ മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു തച്ചങ്കരിക്കെതിരെ നീക്കം ശക്തമായത്.
ആറു മാസം മുന്‍പു തച്ചങ്കരി എംഡി ആയി ചുമതലയേറ്റതോടെ തന്നെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മൂന്നംഗ ആഭ്യന്തര ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തത്. ജോയ് തോമസ് പ്രസിഡന്റും റിജി ജി. നായര്‍ എംഡിയുമായിരുന്ന 201113 കാലയളവിലാണ് ഏറ്റവുമധികം ക്രമക്കേടു നടന്നതെന്ന് അവസാനം നല്കിയ റിപ്പോര്‍ട്ടില്‍ തച്ചങ്കരി ചൂണ്ടിക്കാട്ടി.. ചീഫ് മാനേജര്‍ ആര്. ജയകുമാറിന്റെയും പേരെടുത്തു പറഞ്ഞിരുന്നു. ഏറ്റവുമധികം അഴിമതി നടന്നതു നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണിയിലുമായിരുന്നു30 കോടി രൂപ.
മദ്യ കമ്പനികളില്‍ നിന്നു ഉദ്യോഗസ്ഥര്‍ 28 കോടി രൂപയിലേറെ കമ്മിഷന് അടിച്ചുമാറ്റിയതും തെളിഞ്ഞു. ഐടി ഡിവിഷനില്‍ 12.5 കോടി രൂപയുടെ വെട്ടിപ്പ്. പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതും സ്ഥാപനത്തിന്റെ കാശില്‍ തൃശൂര്‍ പൂരം കാണാന്‍ പോയതുമെല്ലാം അന്വേഷണ റിപ്പോര്‍ട്ടുകളായി സര്‍ക്കാരിലെത്തി. സഹകരണ സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാലിനാണു തച്ചങ്കരി റിപ്പോര്‍ട്ടുകള്‍ കൈമാറിയത്. അദ്ദേഹം അതു ആഭ്യന്തര വകുപ്പിനു കൈമാറുന്നതിനു പകരം മന്ത്രി ഓഫിസിലേക്കു വിട്ടു. എന്നാല്‍ ഒരെണ്ണത്തില്‍ പോലും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടില്ല.
മാത്രമല്ല അന്വേഷണം നടത്തിയതിനെ കുറിച്ചു സ്പെഷല്‍ സെക്രട്ടറി തച്ചങ്കരിയോടു വിശദീകരണം ചോദിച്ചു. ആരാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്, ഏതു നിയമപ്രകാരം, അന്വേഷിച്ചവരുടെ യോഗ്യത, കിട്ടിയ തെളിവുകള്‍, സാക്ഷികള്‍ എന്നിങ്ങനെ സാദാ പൊലീസുകാര്‍ ചോദിക്കുന്ന തരത്തിലെ വിശദീകരണ കത്താണ് സെക്രട്ടറി അയച്ചത്. അതിന് തച്ചങ്കരി മറുപടിയും നല്കി. അതിനിടെ, ഈ ക്രമക്കേടില്‍ ഉള്‍പ്പെട്ടവര്‍ തെളിവു നശിപ്പിക്കാന്‍ രഹസ്യ നീക്കം തുടങ്ങിയതായും പരാതി ഉയര്‍ന്നു.
അതോടെ തന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര വിജലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ ആരോപണ വിധേയര്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് ഇല്ലാതാക്കുമെന്നും തച്ചങ്കരി വീണ്ടും സെക്രട്ടറിക്കു കത്തു നല്കി. എന്നിട്ടും സെക്രട്ടറി ഒരു റിപ്പോര്‍ട്ടും വിജിലന്‍സിനു കൈമാറിയില്ല. മാത്രമല്ല തെളിവെല്ലാം സേഫ് കസ്റ്റഡിയില്‍ പൂട്ടി വെച്ചോളൂ എന്ന വിചിത്ര മറുപടിയും നല്കി. ഈ നടപടി സഹകരണ മന്ത്രിയെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനെയും കൂടുതല്‍ പ്രകോപിപ്പിച്ചു. അതാണ് മന്ത്രിസഭാ യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കു വഴി തെളിച്ചത്. അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നു ടോമിന് തച്ചങ്കരി അറിയിച്ചു
Discussion about this post