തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതിക്ക് വൻ തിരിച്ചടി. പദ്ധതി പ്രദേശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. ബിലീവേഴ്സ് ചര്‍ച്ചിന്റെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റാണ് കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടു കെട്ടുന്നത്.
രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയാണ് താത്കാലികമായി കണ്ടു കെട്ടിയത്. നികുതി വെട്ടിപ്പ് കേസിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. നികുതി അടച്ചില്ലെങ്കില്‍ സ്വത്തുക്കൾ എന്നെന്നേക്കുമായി യോഹന്നാന് നഷ്ടമാകും.
ഇതോടെ ചെറുവള്ളിയിലെ ശബരിമല വിമാനത്താവള പദ്ധതി ഇനി സ്വപ്നങ്ങളിൽ മാത്രമാകുമെന്ന് ഏറെക്കുറേ ഉറപ്പായി. ബിലീവേഴ്സ് ചര്‍ച്ചില്‍ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടു കെട്ടുന്നത്.
ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനിരുന്നത്. സർക്കാർ ഭൂമി പണം കൊടുത്ത് ഏറ്റെടുക്കുന്നത് ബിലീവേഴ്സ് ചര്‍ച്ചും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ നിർണ്ണായക ഇടപെടൽ.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ 350 കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. നിരോധിത നോട്ടുകള്‍ ഉള്‍പ്പെടെ 15 കോടി രൂപയുടെ കറന്‍സി വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിരുന്നു. 3.85 കോടിയുടെ കറന്‍സി ഡല്‍ഹിയിലെ ആരാധനാകേന്ദ്രത്തില്‍ നിന്നും പിടികൂടിയിരുന്നു.
കേരളം, തമിഴ്നാട്, ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ 66 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഹവാല വഴി പണം കടത്താന്‍ സഹായിച്ച ചിലരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശത്തുനിന്നു സ്വീകരിച്ച സംഭാവനകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിനിയോഗിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
സഭയുടെ കീഴില്‍ 30 ട്രസ്റ്റുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതും കടലാസ് സംഘടനകളാണെന്നാണ് വിവരം. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസന്‍സ് ബിലീവേഴ്സ് ചര്‍ച്ചിനു പുതുക്കി നല്‍കിയിട്ടില്ല. അതുകൊണ്ട് വിദേശത്തുനിന്നു സംഭാവന സ്വീകരിക്കാനും സഭയ്ക്ക് ഇനി കഴിയില്ല.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സഭയുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും ഈ പണം ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നുമാണ് കണ്ടെത്തൽ.
Discussion about this post