കൊൽക്കത്ത: നന്ദിഗ്രാമിൽ പരാജയം മണത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനവും നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ ജനപ്രീതിയുമാണ് മമതയെ പരിഭ്രാന്തയാക്കുന്നത് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുസ്ലീങ്ങൾക്ക് സ്വാധീനമുള്ള ബീർഭൂമിൽ നിന്നും വീണ്ടും മത്സരിക്കാൻ മമത തയ്യാറെടുക്കുന്നതായാണ് വിവരം.
അതേസമയം നന്ദിഗ്രാമിൽ താൻ വിജയിക്കുമെന്ന് ആവർത്തിക്കുകയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി. പരാജയ ഭീതിയിൽ അസ്വസ്ഥയായ മമത അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബീർഭൂമിൽ നിന്ന് വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് അദ്ദേഹവും പറയുന്നത്.
മമതയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി ബിജെപിക്ക് വേണ്ടി നന്ദിഗ്രാമിൽ ശക്തമായ മത്സരം കാഴ്ചവെച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. നിലവിൽ മണ്ഡലത്തിൽ തുല്യ സാദ്ധ്യതയാണ് ഇരുവർക്കും കൽപ്പിക്കപ്പെടുന്നത്.
അതേസമയം മമത ബാനർജി വീണ്ടും മത്സരിക്കുമെന്ന വാർത്തകൾ തൃണമൂൽ നേതൃത്വം നിഷേധിച്ചിട്ടുണ്ട്. നന്ദിഗ്രാമിൽ മമത വിജയിക്കുമെന്ന് തന്നെയാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്.
Discussion about this post