മലപ്പുറം: മലപ്പുറത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്. ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരങ്ങൾ തടിച്ചു കൂടി നടന്ന റേസിംഗ് തടയാൻ പോലീസ് ശ്രമിച്ചതോടെ പോലീസിനു നേരെ ചിലർ ആക്രമണം അഴിച്ചുവിട്ടു.
പൊന്നാനി വെളിയങ്കോട് കട ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവർ പൊന്നാനി–ചാവക്കാട് ദേശീയ പാതയിലൂടെയുളള ഗതാഗതം തടസപ്പെടുത്തിയതോടെ പോലീസ് ലാത്തി വീശി. ഇതിൽ പ്രകോപിതരായ ആൾക്കൂട്ടം പൊലീസിനെ ആക്രമിക്കുകയായിരുന്നു. കല്ലേറിൽ പൊലീസിനും യാത്രക്കാർക്കും പരിക്കേറ്റു.
തുടർന്ന് കടയുടമ ചോലയില്‍ ഷിമാസ് അടക്കം 15 പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. അനുമതി ഇല്ലാതെ ഉദ്ഘാടനം നടത്തി, ദേശീയപാതയില്‍ ബൈക്ക്റേസ് നടത്തി, പോലീസിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾ തടസപ്പെടുത്തി, അക്രമിച്ചു , കൊവിഡ് നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. റേസിംഗിൽ പങ്കെടുത്ത ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. ഉദ്ഘാടന ദിവസം തന്നെ കടയും പൂട്ടിച്ചു.
Discussion about this post