തൃശൂര്‍: പൂരം നടത്തിപ്പില്‍ നിയന്ത്രണം കടുപ്പിക്കാമെന്ന് സമ്മതിച്ച് ദേവസ്വങ്ങള്‍. കൊവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താം എന്നതിനെ കുറിച്ച് ആലോചിക്കാം. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ തീരുമാന പ്രകാരം പൂരം നടത്താന്‍ തയ്യാറാണെന്നും ദേവസ്വങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും. വൈകുന്നേരം നാല് മണിയ്ക്കാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.
കാണികളെ ഒഴിവാക്കി പൂരം നടത്താനാണ് ഇപ്പോള്‍ പ്രധാനമായും ആലോചിക്കുന്നത്. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരം നടത്താനാണ് നിലവിലെ തീരുമാനം. ദൃശ്യ-നവ മാധ്യമങ്ങളിലൂടെ തത്സമയം ദേശക്കാര്‍ക്ക് പൂരം കാണാന്‍ സൗകര്യം ഒരുക്കുമെന്നും ദേവസ്വം പ്രതിനിധികള്‍ പറയുന്നു.
ദേവസ്വം പ്രതിനിധികളുമായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആള്‍ക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാല്‍ അത് കൊവിഡിന്റെ വന്‍വ്യാപനത്തിന് ഇടയാക്കുമെന്ന വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയര്‍ന്നിരുന്നു.
പൂരം ചടങ്ങുകളടക്കം ഒഴിവാക്കാന്‍ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിവരുന്ന ചര്‍ച്ചകളിലാണ് നിലപാട് മയപ്പെടുത്താന്‍ തയ്യാറാകുന്നത്. നാല് മണിയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന യോഗത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാവുക. പൂരം കാണികളെ ഒഴിവാക്കി നടത്താന്‍ തീരുമാനിച്ചാല്‍ അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.
Discussion about this post