അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് എന്ന ദേശീയ പാർട്ടിയെ സംബന്ധിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പിലെ അടുത്ത ഏട് മാത്രമായി അവസാനിക്കുന്നു. പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഫലങ്ങളിൽ കോൺഗ്രസിന് ആശ്വസിക്കാൻ യാതൊന്നുമില്ല.
കേരളത്തിൽ ഇടത് പക്ഷം നേടിയ വൻ വിജയം കോൺഗ്രസിന് കനത്ത ആഘാതമായി. ഉന്നയിക്കാൻ അഴിമതി, പി എസ് സി അട്ടിമറി, ബന്ധു നിയമന വിവാദം, സ്വർണ്ണം- ഡോളർ കടത്ത് തുടങ്ങി മൗലികമായ നിരവധി വിഷയങ്ങൾ ഉണ്ടായിട്ടും ഇവയൊന്നും കൃത്യമായി ജനങ്ങളിലെത്തിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഇരട്ട വോട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പോലും പലപ്പോഴും രമേശ് ചെന്നിത്തലക്ക് പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും കാര്യമായ ഒരു പിന്തുണയും ലഭിച്ചില്ല. പാർട്ടിക്കുള്ളിലെ അനൈക്യം വലിയ ഭീഷണിയായി ഇപ്പോഴും നിലനിൽക്കുന്നു.
പശ്ചിമ ബംഗാളിൽ സിപിഎമ്മിനും സിപിഐക്കും ഐ എസ് എഫിനുമൊപ്പമാണ് കോൺഗ്രസ് മത്സരിച്ചത്. കേരളത്തിൽ ഇടതിനെതിരായി മത്സരിക്കുന്നതിനാൽ വയനാട് എം പി രാഹുൽ ഗാന്ധി ഇവിടെ കാര്യമായി പ്രചാരണം നയിച്ചിരുന്നില്ല. 165 സീറ്റുകളിൽ ഇടത് പാർട്ടികളും 92 ഇടങ്ങളിൽ കോൺഗ്രസും 37 സീറ്റുകളിൽ ഐ എസ് എഫും മത്സരിച്ചു. 92 ൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് തോറ്റു. അതേസമയം മൂന്ന് സീറ്റിൽ നിന്നും വിജയം 76 സീറ്റിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു. 2016ൽ 32 സീറ്റ് നേടിയ ഇടത് പാർട്ടികൾക്ക് ഇത്തവണ ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. കോൺഗ്രസിന്റെ പൂജ്യത്തിലേക്കുള്ള പ്രയാണം 2016ലെ 44 സീറ്റുകളിൽ നിന്നായിരുന്നു.
കോൺഗ്രസ് തോറ്റ മറ്റൊരു സംസ്ഥാനമാണ് അസം. ഒരു കാലത്ത് തരുൺ ഗൊഗോയിയുടെ നേതൃത്വത്തിൽ വൻ ശക്തിയായിരുന്ന കോൺഗ്രസ് ഇവിടെയും തകർന്നടിഞ്ഞു. ഇവിടെ ബിജെപിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. 2011ൽ 26 സീറ്റുകളിൽ വിജയിച്ച ബിജെപി 2016ൽ 86 സീറ്റുകൾ നേടി അധികാരം പിടിച്ചു. അന്ന് കോൺഗ്രസ് 26 സീറ്റിലേക്ക് വീണു. 2011ലെ 78 സീറ്റുകളിൽ നിന്നായിരുന്നു ഈ വീഴ്ച. 2021ൽ 75 സീറ്റ് നേടി ബിജെപി അധികാരം നിലനിർത്തുമ്പോൾ വിശാല യുപിഎ സഖ്യം 50ൽ ഒതുങ്ങുകയാണ്. അസം ഗണ പരിഷത്ത്, യുപിപിഎൽ എന്നീ പാർട്ടികളായിരുന്നു എൻഡിഎ മുന്നണിയിൽ ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്. കോൺഗ്രസ് നയിച്ച മഹാസഖ്യത്തിൽ വർഗീയ പാർട്ടിയായ എഐയുഡിഎഫ്, സിപിഐ, സിപിഎം, തീവ്ര ഇടത് പാർട്ടിയായ സിപിഐ എം എൽ, എജിഎം, ബിപിഎഫ് എന്നിവയാണ് ഉൾപ്പെട്ടിരുന്നത്.
ഡിഎംകെയുടെ ഔദാര്യത്തിൽ തമിഴ്നാട്ടിൽ കോൺഗ്രസ് പിടിച്ച് നിന്നു. ഇവിടെ പത്തോളം സീറ്റുകളിൽ അവർക്ക് വിജയിക്കാൻ സാധിച്ചു. എന്നാൽ പുതുച്ചേരിയിൽ കോൺഗ്രസ് തരിപ്പണമായി. 2016ൽ ഭരണം പിടിച്ച കോൺഗ്രസ് 2 സീറ്റിലേക്ക് വീണപ്പോൾ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം 16 സീറ്റുമായി അധികാരം പിടിച്ചു.
Discussion about this post