ഡൽഹി: ഇസ്രായേൽ നഗരമായ അഷ്കെലോണിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രായേൽ എംബസി അധികൃതർക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. പുലർച്ചെ നാലുമണിയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ഉച്ചക്ക് സ്വദേശമായ ഇടുക്കിയിലെത്തിക്കും.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിച്ചായിരുന്നു മരണം.
ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇസ്രായേലിലാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ.
Discussion about this post