കൊച്ചി: ലോക്ഡൗണിൽ മദ്യ ലഭ്യത നിലച്ചതോടെ ‘സ്പെഷൽ ചാരായം’ വാറ്റി ഹോംഡെലിവറിയായി വിറ്റിരുന്നയാൾ എക്സൈസ് പിടിയിൽ. കരുമാല്ലൂർ മനക്കപ്പടി നെൽപ്പുരപ്പറമ്പിൽ സനോജ്(39) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മനയ്ക്കപ്പടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പൈനാപ്പിളും മുന്തിരിയും മാങ്ങയും ചേർത്തായിരുന്നു വാറ്റ്. ലീറ്ററിന് 1800 ഈടാക്കിയാണ് വിറ്റിരുന്നത്. റെയ്ഡ് സംഘത്തെ കണ്ടു രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വീടിനടുത്തു വച്ചു തന്നെ പിടികൂടി.
ഫോണിൽ ആവശ്യപ്പെടുന്നതനുസരിച്ച് ചെറിയ കുപ്പികളിലാക്കി ഉയർന്ന വിലയ്ക്ക് ബൈക്കിൽ ഹോം ഡെലിവറി ചെയ്യുന്നതാണ് പതിവ്. നേരത്തെയും എക്സൈസ് കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. നിരോധിത പുകയില ഉൽപന്നങ്ങളും ഇയാളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പറവൂർ എക്സൈസ് സർക്കിൾ ഓഫിസ് എക്സൈസ് സിഐ എസ്. നിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആയ വി.എം. ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ശ്രീജിത്ത്, എൻ.കെ. സാബു, ടി.ടി. ശ്രീകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജു, എക്സൈസ് ഡ്രൈവർ രാജി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post