ലഖ്നൗ: മുൻ നിര എന്നവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പലതും കൊവിഡ് പ്രതിസന്ധിക്ക് മുന്നിൽ മുട്ടു മടക്കിയപ്പോൾ കൃത്യമായ നടപടികളിലൂടെ രോഗവ്യാപനം ചെറുത്ത് ഉത്തർ പ്രദേശ്. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു, മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്നു, തുടങ്ങിയ ആരോപണങ്ങൾ ബിബിസി മുതൽ മഞ്ഞ പത്രങ്ങൾ വരെ ഏറ്റെടുത്ത് പ്രചരിപ്പിച്ചപ്പോഴും പ്രതിച്ഛായാ നിർമ്മാണത്തിലോ പി ആർ വർക്കിലോ ശ്രദ്ധ പതിപ്പിക്കാതെ കൃത്യമായ പദ്ധതികൾ നടപ്പിലാക്കിയാണ് ഇരുപത് കോടി ജനസംഖ്യയുള്ള ഉത്തർ പ്രദേശ് മഹാമാരിയെ അതിജീവിച്ചത്.
ഉത്തർ പ്രദേശിൽ ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1908 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. നിലവിൽ ഇത് 41,214 മാത്രമാണ്.
ആരോഗ്യ പരിപാലനത്തിൽ ഒന്നാം സ്ഥാനത്ത് എന്ന് സ്വയം അവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പോലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, ഉത്തർപ്രദേശ് സർക്കാരിന്റെ ‘യോഗി മോഡൽ’ (ടെസ്റ്റ്-ട്രെയ്സ്-ട്രീറ്റ് (ടി3)) ആണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനു സഹായിച്ചതെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വിലയിരുത്തുന്നു.
യുപിയിൽ നിലവിൽ, 0.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. തുടർച്ചയായ അഞ്ച് ദിവസം പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 19, 16.4, 16.51 ശതമാനമാണ്. ഉദ്യോഗസ്ഥരുടെ ജാഗ്രത, ധീരമായ തീരുമാനങ്ങൾ, വേഗത്തിലുള്ള നടപടികൾ എന്നിവ കാരണം സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.4 ശതമാനം വരെ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6000ത്തിലധികം പേർ രോഗമുക്തരായി. യോഗി മോഡൽ’ നടപ്പാക്കിയതിനാൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ശനിയാഴ്ച സംസ്ഥാനത്ത് 3,40,096 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.
ഗംഗയിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന തരത്തിൽ വന്ന വാർത്തകളെ ഉത്തർ പ്രദേശ് സർക്കാർ അവഗണിച്ചപ്പോൾ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ചില സംഘടനകൾ ഇതിലെ വാസ്തവ വിരുദ്ധത ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ചില മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ചിത്രങ്ങൾ പിൻവലിച്ച് ക്ഷമാപണം നടത്തിയിരുന്നു. ഉത്തരാഖണ്ഡ് പ്രളയത്തിന്റെയും ഉംപുൻ ചുഴലിക്കാറ്റിന്റെയും വരെ ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു.
Discussion about this post