കൊച്ചി: മുട്ടിൽ വനം കൊള്ളക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടി വരുമെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണത്തിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.
മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തു എന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കാസർകോട്ടെ ഭൂമിയിൽ നിന്ന് മുറിച്ചു കടത്തിയ മരങ്ങൾ കണ്ടു കെട്ടുന്നത് ചോദ്യം ചെയ്തു ലിസമ്മ സെബാസ്റ്റ്യൻ നൽകിയ ഹർജിയി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
മരം മുറിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
അതേസമയം മുട്ടിൽ വനം കൊള്ളക്കേസിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാകും കൂടിക്കാഴ്ച.
Discussion about this post