വയനാട്: മുട്ടിലിലെ വനം കൊള്ളക്കാർ ആദിവാസികളെയും കബളിപ്പിച്ചു. പടുകൂറ്റൻ ഈട്ടിമരങ്ങൾ കൊള്ളക്കാർ ഇവരുടെ വളപ്പുകളിൽ നിന്നും മുറിച്ചുകൊണ്ട് പോയി. മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്നും വിലയുടെ വലിയൊരു ഭാഗം സർക്കാരിലേക്ക് അടക്കേണ്ടി വരുമെന്നും കാണിച്ചായിരുന്നു ഇവരെ പറ്റിച്ചത്.
മരങ്ങൾ നഷ്ടമായവരിൽ പലരും ഇപ്പോൾ കേസുകളിൽ പ്രതികളാണ്. ആദിവാസികളെ കബളിപ്പിച്ചതിന് ആദിവാസികൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമ പ്രകാരം പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. വനം കൊള്ളക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇതെന്നാണ് ആരോപണം.
പട്ടികവർഗ വിഭാഗത്തിൽ പെട്ട പതിനഞ്ച് പേരുടെയും പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരാളുടെയും മരം മുറിച്ചു മാറ്റിയെന്നാണ് കണ്ടെത്തൽ. തങ്ങളെ കബളിപ്പിച്ചാണ് മരം മുറിച്ചതെന്ന് ആദിവാസികൾ മൊഴി നൽകിയിട്ടുണ്ട്. വാഴവറ്റയിലെ വാളംവയൽ കോളനി, ആവലാട്ടുകുന്ന് കോളനി, മലങ്കര കോളനി, പന്നിക്കുഴി കോളനി എന്നിവിടങ്ങളിലെ ആദിവാസികളാണ് കബളിപ്പിക്കപ്പെട്ടത്.
Discussion about this post