ലഖ്നൗ: അയോധ്യയിൽ ജീവത്യാഗം ചെയ്ത കർസേവകർക്ക് ആദരവുമായി യോഗി സർക്കാർ. സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന പാതകൾക്ക് ‘ബലിദാനി രാമഭക്ത മാർഗ്‘ എന്ന് പേരു നൽകുമെന്ന് ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ അറിയിച്ചു.
1990ൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കർസേവകർക്ക് നേരെ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഉത്തരവ് പ്രകാരം പൊലീസ് വെടിവെച്ചിരുന്നു. വെടിവെപ്പിൽ നിരവധി കർസേവകർ അന്ന് കൊല്ലപ്പെട്ടിരുന്നു.
കോടിക്കണക്കിന് രൂപയുടെ 996 പദ്ധതികൾക്കാണ് ഉത്തർ പ്രദേശ് സർക്കാർ അയോദ്ധ്യയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ബലിദാനികളായ കർസേവകരുടെ പേരുകൾ പാതകൾക്ക് സമീപം കൊത്തി വെക്കുമെന്നും കേശവ് മൗര്യ പറഞ്ഞു.
1990 നവംബർ 2നായിരുന്നു കുപ്രസിദ്ധമായ അയോധ്യ വെടിവെപ്പ്. പിന്നീട് പൊളിച്ചു മാറ്റിയ തർക്ക മന്ദിരത്തിന് നേർക്ക് രാമമന്ത്രങ്ങളുമായി ബജ്രംഗ് ദൾ നേതാവ് വിനയ് കത്യാറിന്റെ നേതൃത്വത്തിൽ കരസേവകർ നീങ്ങി. ഹനുമാൻ ഘാട്ടിക്ക് സമീപം എത്തിയ ഇവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കോത്താരി സഹോദരന്മാർ ഉൾപ്പെടെ നിരവധി കർസേവകരാണ് കൊല്ലപ്പെട്ടത്.
വെടിവെച്ചതോടെ ചിതറിയോടിയവരിൽ പലരും തല തകർന്ന് മരിച്ചു വീണു. ഇതിനിടെ തർക്ക മന്ദിരത്തിന് മുകളിൽ കയറിയ കോത്താരി സഹോദരന്മാർ അവിടെ കാവിക്കൊടി നാട്ടി. എന്നാൽ നിമിഷങ്ങൾക്കം അവരും കൊല്ലപ്പെടുകയായിരുന്നു.
വെടിവെപ്പിൽ 16 കർസേവകർ കൊല്ലപ്പെട്ടു എന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ യഥാർത്ഥ സംഖ്യ അതിലും കൂടുതലാണെന്ന് മാധ്യമങ്ങൾ പിൽക്കാലത്ത് റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങളിലധികവും പൊലീസ് കുഴിച്ചു മൂടുകയോ സരയൂ നദിയിലേക്ക് വലിച്ചെറിയുകയോ ചെയ്തതായി പിന്നീട് വാർത്തകൾ പുറത്ത് വന്നു.
Discussion about this post