ബെംഗളൂരു: കർണാടക ഹൈക്കോടതിയിൽ ക്ഷമാപണം നടത്തി ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ. ബിനീഷിന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതാണെന്ന വാദമുന്നയിച്ചതിലാണ് ക്ഷമാപണം നടത്തിയത്. വാദം വാസ്തവവിരുദ്ധമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ വ്യക്തമാക്കിയിരുന്നു. അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയാണ് ഇഡിക്കായി ഹാജരായത്.
തുടർന്ന്, കക്ഷി തെറ്റായ വിവരം നൽകിയതുകൊണ്ടാണ് കാലാവധി കഴിഞ്ഞതാണെന്നു പറയാനിടയായതെന്ന് അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വിശദീകരിച്ചു.
ഡീ ആക്ടിവേറ്റ് (പ്രവർത്തനരഹിതമാക്കിയ) ചെയ്ത കാർഡാണിതെന്നു തിരുത്തിപ്പറയുകയും ചെയ്തു. എന്നാൽ ഏതു തീയതിയിലാണ് ഡി ആക്ടിവേറ്റ് ചെയ്തതെന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ചോദ്യത്തിന് ഉത്തരം നൽകാനായില്ല. തീയതി പറഞ്ഞു വീണ്ടും തെറ്റിക്കുന്നില്ലെന്നും കക്ഷിയോടു ചോദിച്ചതിനു ശേഷം കൃത്യമായി അറിയിക്കാമെന്നുമായിരുന്നു മറുപടി.
അതേസമയം തന്റെ വീട്ടിൽ നിന്നു കാർഡ് കണ്ടെടുത്തത് ഇഡിയുടെ ആസൂത്രിത നാടകമാണെന്നും കാർഡിനു പിന്നിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നും ബിനീഷ് ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് സമർപ്പിച്ച ജാമ്യ ഹർജിയിലെ ഇഡിയുടെ വാദം 19നു തുടരും.
Discussion about this post