കാബൂള്‍: താലിബാനു മുന്നില്‍ ഇനിയും കീഴടങ്ങാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്. അഫ്ഗാനിസ്ഥാനില്‍ താലിബാന് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി അമറുള്ള സലേയുടെ ട്വീറ്റുകള്‍ തടയുന്നതിനു വേണ്ടിയുള്ള നടപടിയായാണ് ഇതിനെ പലരും കാണുന്നത്.
അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രവിശ്യകള്‍ എല്ലാം താലിബാനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ പഞ്ച്ഷീര്‍ താഴ്വര മാത്രമാണ് ഇപ്പോഴും താലിബാനു മുന്നില്‍ കീഴടങ്ങാതെ നില്‍ക്കുന്നത്.
അഫ്ഗാനിലെ മുന്‍ വിമത നേതാവ് അഹമദ് ഷാ മസൂദിന്റെ മകന് അഹമദ് മസൂദും നിലവില്‍ അമറുള്ള സലേയോടൊപ്പം പഞ്ച്ഷീര്‍ താഴ്വരയിലാണുള്ളത്. ഇതെല്ലാമാണ് പഞ്ച്ഷീറിനെ താലിബാന് നോട്ടമിടാനുള്ള പ്രധാന കാരണം.
ആഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷറഫ് ഘനി രാജ്യം വിട്ടപ്പോള്‍ ഭരണഘടനയനുസരിച്ച് സലേ സ്വയം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ സലേയുടെ നേതൃത്വം അമേരിക്കയടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഇതുവരെയായും അംഗീകരിച്ചിട്ടില്ല.
Discussion about this post