കാബൂൾ: കടുത്ത പോരാട്ടത്തിനൊടുവിൽ താലിബാൻ അംഗങ്ങളെ കൊന്നൊടുക്കി പഞ്ച്ശീറിലെ വടക്കൻ സഖ്യം. 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പഞ്ച്ശീർ മലനിരകൾ പിടിക്കാനുള്ള താലിബാൻ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനൽ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എൻആർഎഫ്) ഏറ്റുമുട്ടലുണ്ടായത്.
അന്ദരാബ് ജില്ലയിലെ ഗസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 34 താലിബാൻകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ‘‘മലനിരകളിൽ പ്രവേശിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും, എന്നാൽ ഇവിടെനിന്നു പുറത്തുപോകാൻ അനുവദിക്കില്ല’’- നോർത്തേൺ അലയൻസ് കമാൻഡർ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു.
യുഎസ് സൈന്യം പിൻമാറിയതിനുശേഷം പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽത്തന്നെ താലിബാനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൻആർഎഫ് പ്രതിരോധ സേനാ അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീർ കീഴടക്കാൻ താലിബാൻ അയച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പഞ്ച്ശീറിലേക്കുള്ള വൈദ്യുതിയും ഇന്റർനെറ്റും താലിബാൻ വിച്ഛേദിച്ചു. ഇവിടേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്ന വഴികൾ താലിബാൻ നേരത്തേ അടച്ചിരുന്നു. എന്നാൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ശീർ മേഖലയുടെ രക്ഷാധികാരിയായ അമറുല്ല സാലിഹ് പറഞ്ഞു.
Discussion about this post