ആലപ്പുഴ: വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിംഗ് കോളേജിനെതിരായ സമരം ആനുകൂല്യങ്ങള്‍ കൈപ്പറ്റി സിപിഎം നേതാക്കള്‍ ഒത്തു തീര്‍ത്തുവെന്ന് ആരോപണം.
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എഞ്ചിനിയറിംഗ് കോളേജിനെതിരെയുള്ള സമരം അവസാനിപ്പിച്ചത് ഒത്തു തീര്‍പ്പിന്റെ ഫലമായാണെന്ന ആരോപണവുമായി സിപിഎം നേതാക്കള്‍ തന്നെയാണ് രംഗത്തെത്തിയത്. ജില്ലാ നേതാവിന്റെ മകള്‍ക്ക് കോളേജില്‍ ജോലി ഉറപ്പിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ ലോക്കല്‍ സെക്രട്ടറിയായിരുന്ന എം ബാലകൃഷ്ണന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഈ ആരോപണം ശരിവെക്കുന്നു. നിലവില്‍ മുതുകുളത്തെ സിപിഎം പഞ്ചായത്ത് മെംബറായ സുരേഷ് പ്രശാന്തന്, മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പുത്തന്‍കുളങ്ങര സുരേഷ് എന്നിവര്‍ ഈ ആരോപണത്തെ ഫേസ്ബുക്കില്‍ പിന്താങ്ങിയിട്ടുണ്ട്.
വയല്‍ നികത്തിയാണ് കെട്ടിടം പണിഞ്ഞതെന്നാരോപിച്ച് വന്‍ സന്നാഹങ്ങളോടെയാണ് കായംകുളം കട്ടച്ചിറയിലെ കോളേജിനെതിരെ സിപിഎം സമരം തുടങ്ങിയത്. എന്നാല്‍
ദിവസങ്ങള്‍ക്കകം വിശദീകരണം പോലും നല്‍കാതെ സമരം അവസാനിപ്പിക്കുകയായിരുന്നു. ജി.സുധാകരനും, സജിചെറിയാനും നേത്രുത്വം നല്കുന്ന പുതിയ ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് സമരം അവസാനിച്ചത്. വയല്‍ നികത്തല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വിഴുങ്ങി സമരം അവസാനിപ്പിച്ചതിന് പിന്നില്‍ ചില നേതാക്കളുടെ സ്വാര്‍ത്ഥ നിലപാടുകളായിരുന്നുവെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മാനേജ്മെന്റുമായുള്ള രഹസ്യധാരണപ്രകാരം ജില്ല നേതാവിന്റെ മകള്‍ക്ക് കോളേജില്‍ ജോലി നല്കി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കോളേജ് മാനേജ്മെന്റില്‍ സ്വാധീനമുള്ള ഒരു ബാറുടമയാണ് വിഷയത്തില്‍ മധ്യസ്ഥനായി ഇടപെട്ടത്. സമരം അവിഹിതമായി ഒത്തുതീര്‍ത്തുവെന്ന പരോക്ഷ വിമര്‍ശനവുമായി അന്ന് തന്നെ സിപിഎം നേതാക്കളില്‍ ചിലര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.
കായംകുളം, ഹരിപ്പാട് ഭാഗത്തെ സീപീഎമ്മിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പലതവണ ഇത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഉന്നയിച്ചിരുഎന്നാല് ലോക്കല്‍ സെക്രട്ടറി തലത്തിലുണ്ടായിരുന്ന ഒരാള്‍ തന്നെ ആരോപണം ശരിവെക്കുമ്പോള്‍ വിശദീകരണം നല്കാനാവാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.
ആലപ്പുഴ ജില്ലയിലെ വിവിധതലങ്ങളിലുള്ള സിപിഎം നേതാക്കള്‍ വെള്ളാപ്പള്ളി നടേശനില്‍ നിന്ന് അവിഹിത ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ട്. എസ്എന്‍ഡിപി-സിപിഎം പോര് ശക്തമായ സാഹചര്യത്തില്‍ പല ഇടപാടുകളും പുറത്ത് വരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. പാര്‍ട്ടിയ്ക്കകത്ത് തന്നെയുള്ള എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി നീക്കങ്ങളെ സ്വാഗതം ചെയ്യുന്ന വിഭാഗമാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുന്നതെന്ന ഭയവും സിപിഎമ്മിനുണ്ട്.
Discussion about this post