ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സെൻട്രൽ സുപ്പീരിയർ സർവീസസ് (സിഎസ്എസ്) പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഡോ.സന രാംചന്ദ് ഗുൽവാനി. സിഎസ്എസ് പരീക്ഷയിൽ വിജയം നേടുന്ന ആദ്യ ഹിന്ദു പെൺകുട്ടിയെന്ന ചരിത്രനേട്ടവും കൂടിയാണ് സന രാംചന്ദിനെ തേടിയെത്തിയിരിക്കുന്നത്.
ആദ്യ ശ്രമത്തിൽ തന്നെ സന പരീക്ഷ പാസായി. പാകിസ്ഥാനിലെ സുപ്പീരിയർ സർവ്വീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള ഈ പരീക്ഷ വളരെ കഠിനമേറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരീക്ഷ എഴുതിയ 2 ശതമാനം പേർക്ക് മാത്രമേ വിജയം നേടാൻ ആകൂ എന്നതാണ് വസ്തുത. സെൻട്രൽ സുപ്പീരിയർ സർവീസസ് (സിഎസ്എസ്) വഴി പാകിസ്ഥാനിലെ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിലാണ് നിയമനങ്ങൾ നടത്തുന്നത്. ഇന്ത്യയിലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് സമാനമായാണ് ഇതിനെ കാണുന്നത്.
‘ഇത് എന്റെ ആദ്യ ശ്രമമായിരുന്നു, ഞാൻ ആഗ്രഹിച്ചത് ഞാൻ നേടി’. എങ്കിലും ഭരണ തല ഉദ്യോഗത്തിലേക്ക് പോകുന്നത് മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ലെന്നും സന പറഞ്ഞു. രാജ്യത്തിന്റെ ചികിത്സാ രംഗത്ത് ഞാൻ ജോലിചെയ്യണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹമെന്നും സന പറഞ്ഞു. എന്റെ മാതാപിതാക്കളുടെയും എന്റെയും സ്വപ്നം ഞാൻ നിറവേറ്റി. ഞാൻ ഒരു ഡോക്ടർ എന്ന നിലയിൽ ഭരണത്തിന്റെ ഭാഗമാകാൻ പോകുന്നു.
സന രാംചന്ദ് ഗുൽവാനിയെ ഒരു ഡോക്ടറാക്കണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. സിന്ധ് പ്രവിശ്യയിലെ ഗ്രാമീണമേഖലയിലാണ് സനയുടെ സ്വദേശം. യൂറോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സെൻട്രൽ സുപ്പീരിയർ സർവീസസ് പരീക്ഷയ്ക്കായി സന തയ്യാറെടുത്തത്. ഷിക്കാർപൂരിലെ സർക്കാർ സ്കൂളിലാണ് സന പഠിച്ചത്.ഷഹീദ് മൊഹ്തർമ ബേനസീർ ഭൂട്ടോ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സന ബാച്ചിലർ ഓഫ് മെഡിസിനിൽ ബിരുദം നേടിയത്. യുറോളജി സർജൻ കൂടിയാണ് സന.
Discussion about this post