പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാർഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം. മോന്സൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ ശേഷം ബെഹ്റ ഓഫീസിലെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനം ഓഫീസിലെത്തിയത്.
മോന്സൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ ബെഹ്റ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം ‘എല്ലാം പൊലീസിനോടു പറഞ്ഞിട്ടുണ്ട്, നോ കമന്റ്സ്..’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള മുന്‍ ഡിജിപിയുടെ പ്രതികരണം.
ബെഹ്റയാണ് മോൻസൺ തട്ടിപ്പുകാരനാണെന്ന് തന്നോട് ആദ്യമായി പറഞ്ഞതെന്ന് ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ വെളിപ്പെടുത്തിയിരുന്നു. താൻ ക്ഷണിച്ചത് കൊണ്ടാണ് മോൻസന്റെ മ്യൂസിയം കാണാൻ 2 വർഷം മുമ്പ് ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്ന് അവർ വ്യക്തമാക്കി.
ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോൻസൺ മാവുങ്കലിന്റെ വീട്ടില്‍ എത്തിയത് 2019 മെയ് മാസത്തിലാണ്. മോന്സന് തട്ടിപ്പുകാരനാണെന്ന രഹസ്യ വിവരം അതിന് ശേഷമാണ് ബെഹ്റക്ക് കിട്ടുന്നത്. സംശയം തോന്നിയ ഡിജിപി, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2019 മെയ് 22ന് ഇന്റലിജന്‍സ് മേധാവിയ്ക്ക് നിർദ്ദേശം നല്കി.
മോന്സന് മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയ ഇന്റലിജന്‍സ് മേധാവി, വിശദമായ റിപ്പോര്‍ട്ട് 2020 ജനുവരി മാസം ലോക്നാഥ് ബെഹ്റക്ക് നല്‍കിയിരുന്നു.
റിപ്പോർട്ട് നൽകി കൃത്യം 22 ദിവസം കഴിഞ്ഞപ്പോള്‍ മോൻസന്റെ വീടിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ആലപ്പുഴ എസ്പിക്കും ഇതേ ലോക്നാഥ് ബെഹ്റ തന്നെ ഉത്തരവ് നല്‍കുകയായിരുന്നു.
മാത്രമല്ല ഡി.ജി.പിയായിരുന്ന ബെഹ്റ ഒരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നതിനിടെയാണ് ബെഹ്റ അവധിയില്‍ പ്രവേശിച്ചത്.
Discussion about this post