ദുബായ്: ഓസ്ട്രേലിയക്ക് ട്വെന്റി 20 ലോകകിരീടം. ആദ്യമായാണ് ഓസ്ട്രേലിയ ട്വെന്റി 20 ലോക ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കന്നിക്കിരീട നേട്ടം.
53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ് ഓസീസിന്റെ വിജയ ശില്പികൾ. ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.
ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലാൻഡിനെ ബാറ്റിംഗിനയച്ചു. നായകൻ കെയ്ൻ വില്ല്യംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് മികവിൽ കിവീസ് 20 ഓവറിൽ 4 വിക്കറ്റിന് 172 റൺസെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്കോറര്‍. മാർറ്റിൻ ഗപ്ടിൽ 28 റൺസ് നേടി. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാൽ മിച്ചൽ സ്റ്റാർക്കിനെ ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ പൊതിരെ തല്ലി.
ഓസീസിനായി മിച്ചൽ മാർഷിനൊപ്പം മാക്സ്വെൽ 28 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ട് 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.
Discussion about this post