ഡൽഹി: മാലേഗാവ് സ്ഫോടനക്കേസിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രമുഖ ആർ എസ് എസ് നേതാക്കളുടെയും പേര് പറയാൻ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന തന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും അനധികൃതമായി തടങ്കലിൽ വെക്കുകയും ചെയ്തതായി കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കഴിഞ്ഞ ദിവസം പ്രത്യേക എൻ ഐ എ കോടതിയിൽ മൊഴി നൽകി. സംഭവം നടക്കുന്ന സമയത്ത് ബിജെപി എം പിയായിരുന്നു യോഗി ആദിത്യനാഥ്.
മഹാരാഷ്ട്രയിലെ നാസിക്കിലെ മാലേഗാവിൽ 2006 സെപ്റ്റംബർ 8നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പര. അന്ന് കോൺഗ്രസ്- എൻസിപി സഖ്യമായിരുന്നു മഹാരാഷ്ട്ര ഭരിച്ചിരുന്നത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ പ്രാഥമിക അന്വേഷണം എത്തിയത് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയിലേക്കായിരുന്നു. എന്നാൽ കേസിൽ കേന്ദ്ര സർക്കാർ ഏജൻസികൾ അന്ന് അഭിനവ ഭാരത് എന്ന സംഘടനയെ പ്രതിക്കൂട്ടിലാക്കി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രജ്ഞാ ഠാക്കൂർ, ലെഫ്റ്റ്നന്റ് കേണൽ പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്യുകയും അന്നത്തെ യുപിഎ സർക്കാർ ഹിന്ദു ഭീകരത, കാവി ഭീകരത തുടങ്ങിയ വാക്കുകൾ യഥേഷ്ടം എടുത്ത് പ്രയോഗിക്കുകയുമായിരുന്നു.
നിലവിൽ വിവിധ കേസുകളിൽ അന്വേഷണം നേരിടുന്ന മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ് ആയിരുന്നു അന്നത്തെ എടിഎസ് അസിസ്റ്റന്റ് കമ്മീഷണർ. പരം ബീർ സിംഗും മറ്റ് ഉദ്യോഗസ്ഥരുമാണ് യോഗി ആദിത്യനാഥിന്റെയും ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെയും പേര് പറയാൻ തന്നെ നിർബ്ബന്ധിച്ചതെന്നും സാക്ഷി കോടതിയിൽ വ്യക്തമാക്കി. സ്വാമി അസീമാനന്ദയെയും സമാനമായ രീതിയിൽ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.
Discussion about this post