ബംഗളൂരു: കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന് കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചു. കാമുകന് ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കെയാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ലോയിഡ് ഡിസൂസയാണ് സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ഇയാള്‍ക്ക് രണ്ട് യുവതികളോട് ഒരേ സമയം പ്രണയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലോയിഡിന് മറ്റൊരു യുവതിയുമായി പ്രണയമുണ്ടെന്ന് രണ്ട് യുവതികളും തിരിച്ചറിഞ്ഞു. ഇതോടെ പെണ്‍കുട്ടികള്‍ ലോയിഡിനോട് വഴക്കിട്ടു. തുടര്‍ന്ന് യുവാവ് പ്രശ്നം പരിഹരിക്കാനായി ഇരുവരെയും വിളിച്ചുവരുത്തി. സോമേശ്വര്‍ കടപ്പുറത്തുവച്ച് മൂന്ന് പേരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ തര്‍ക്കം രൂക്ഷമായി. ഇതിനിടെ തന്നെയല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അനുവദിക്കില്ലെന്നും വഞ്ചന സഹിക്കാനാവുന്നില്ലെന്നും പറഞ്ഞ് ഒരു യുവതി കടലിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കടലില്‍ ചാടിയ കാമുകിയെ ലോയിഡ് രക്ഷിച്ചു. എന്നാല്‍ തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിച്ചു. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post