കല്‍ക്കട്ട: കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കും, ഭാര്യയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അഭിഷേകിനോട് മാര്‍ച്ച് 21 നും ഭാര്യയോട് 22 നും ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് അഭിഷേകിനെ ഡല്‍ഹിയില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നാലെ അഭിഷേകും ഭാര്യയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ മാര്‍ച്ച് 11ന് ഹര്‍ജി തള്ളി. ഇതോടെയാണ് കേസില്‍ വീണ്ടും ഇഡി നോട്ടീസ് അയച്ചത്. 2021 മാര്‍ച്ച് 15 ന് അഭിഷേക് ബാനര്‍ജിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് അങ്കുഷ്, ഭാര്യാപിതാവ് പവന് അറോറ എന്നിവര്‍ക്ക് സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് നവംബറിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ഇഡിയും സമാന്തര അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന റാക്കറ്റ്, അനധികൃത ഖനനം നടത്തി ആയിരക്കണക്കിന് കോടിയുടെ കല്‍ക്കരി കരിഞ്ചന്തയില്‍ വിറ്റുവെന്നാണ് ആരോപണം.
Discussion about this post