ഡൽഹി: കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ചും കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നടത്തിയ അപമാനകരമായ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ബംഗലൂരു എം പിയും യുവമോർച്ച പ്രസിഡന്റുമായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു. കെജരിവാൾ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ വീടിന് പുറത്തെ പ്രതിഷേധത്തെ തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ നിയമസഭയിൽ പുച്ഛിച്ചു ചിരിച്ച അരവിന്ദ് കെജരിവാളിന്റെ കാഴ്ചപ്പാടിനെതിരെയാണ് തങ്ങൾ സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരം ദേശവിരുദ്ധ- ഹിന്ദു വിരുദ്ധ പ്രസ്താവനകളാണ് അരവിന്ദ് കെജരിവാളും ആം ആദ്മി പാർട്ടിയും നടത്തുന്നത്. രാമക്ഷേത്രത്തെയും ഹിന്ദു ദേവതകളെയും പരിഹസിക്കുക, ബട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് പരിഹാസം ഉന്നയിക്കുക, പാകിസ്ഥാനിലെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് അപമാനകരമായ സംശയങ്ങൾ ഉന്നയിക്കുക തുടങ്ങിയവ അവരുടെ രീതിയാണെന്നും തേജസ്വി സൂര്യ പറഞ്ഞു.
Discussion about this post