ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി വീട്ടമ്മയേയും മകനെയും കുത്തി പരിക്കേൽപ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡിൽ നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ അനു ജേക്കബ്ബിന്റെ ഭാര്യ വിൻസിയേയും (50) മകൻ അൻവിനേയുമാണ് (25) കുത്തി പരിക്കേൽപ്പിച്ചത്. വീട് കയറി ആക്രമിച്ച് വീട്ടമ്മയെയും മകനേയും കുത്തി പരിക്കേൽപ്പിച്ചതിന് ബംഗാൾ സ്വദേശി സത്താറിനെ (36) പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ സത്താർ ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാർ വാതിൽ അടച്ച് അകത്തു കയറി. കതകിൽ ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് കെട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി.
നായുടെ കഴുത്തിൽ കയറിട്ട് മുറുക്കുന്നതു കണ്ട അൻവിൻ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. ഈ സമയം കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അൻവിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതു കണ്ട് ഓടിയെത്തിയ വിൻസിയുടെ നേരെയും സത്താർ തിരിഞ്ഞു.
വിൻസിയുടെ കൈയ്യിലാണ് കുത്തേറ്റത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകർ സത്താറിനെ തടഞ്ഞു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കുത്തേറ്റ വിൻസി എടത്വാ ട്രഷറി ഓഫീസ് ജീവനക്കാരിയാണ്. സത്താറിന് ലഹരി ഉപയോഗിച്ച് സുബോധം നഷ്ടപ്പെട്ടതാകാമെന്നാണ് കരുതുന്നത്.
Discussion about this post