ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ ഇന്റെലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബി ശ്രീകുമാര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദ് ചെയ്തു. നാലാഴ്ചയ്ക്കുള്ളില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ വ്യക്തിഗതമായി പരിഗണിച്ച് തീരുമാനമെടുക്കുന്നതിനായി കേസ് സുപ്രീംകോടതി ഹൈക്കോടതിയിലേക്ക് മാറ്റി. അഞ്ചാഴ്ചത്തേക്ക് പ്രതികളുടെ അറസ്റ്റ് ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 1994ല്‍ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. 1998ല്‍ സിബിഐ കോടതിയും സുപ്രീംകോടതിയും കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ടെങ്കിലും 50 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. മറ്റൊരു ശാസ്ത്രജ്ഞനായ ഡി ശശികുമാറും മറ്റ് നാലുപേരും ഇതേ കേസില്‍ ജയില്‍ വാസം അനുഭവിച്ചു. അനാവശ്യ അറസ്റ്റ്, പീഡനം, മാനസിക പീഡനം എന്നിവ കണക്കിലെടുത്ത് 2018ല്‍ സുപ്രീംകോടതി നമ്പി നാരായണന് 50 ലക്ഷം രൂപ അനുവദിച്ചു. 2020ല്‍ കേരള സര്‍ക്കാരും 1.30 കോടി രൂപ നഷ്ട പരിഹാരം നല്കി.
ഇതേ വര്‍ഷം, ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ഇന്റെലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബി ശ്രീകുമാറിനെയും മറ്റ് പതിനാറ് പോലീസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കി സിബിഐ കേസെടുത്തു. ഇതില്‍ ആര് ബി ശ്രീകുമാര്‍, എസ് വിജയന്, തമ്പി എസ് ദുര്‍ഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവര്‍ക്ക് ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചു. എന്നാല്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും ദേശീയ പ്രാധാന്യമുള്ള കേസില്‍ സത്യം കണ്ടെത്താന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post