കാബൂൾ/ഇസ്താംബൂൾ; അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിയോട് വിയോജിച്ച് മുസ്ലീം രാഷ്ട്രങ്ങളും. സൗദിയും തുർക്കിയുമാണ് വിലക്കിൽ വിയോജിപ്പുമായി രംഗത്തെത്തിയത്.
താലിബാന്റെ നടപടി ഇസ്ലാമികമോ മാനുഷീകമോ അല്ലെന്ന് തുർക്കി വിദേശകാര്യമന്ത്രി മേവ്ലൂത് കാവുസോഗ്ലു പറഞ്ഞു. യെമൻ വിദേശകാര്യമന്ത്രിയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് തുർക്കി വിദേശകാര്യമന്ത്രി താലിബാൻ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. തീരുമാനം താലിബാൻ തിരുത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ എന്താണ് ദോഷമെന്ന് കാവുസോഗ്ലു ചോദിച്ചു. വിലക്കിന് എന്തെങ്കിലും ഇസ്ലാമികമായ വിശദീകരണം നൽകാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഇസ്ലാം മതം വിദ്യാഭ്യാസത്തിന് ഒരിക്കലും എതിരല്ല. ശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന മതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്ക് എല്ലാ ഇസ്ലാമിക രാജ്യങ്ങളെയും അമ്പരപ്പിക്കുന്നതാണെന്ന് ആയിരുന്നു സൗദിയുടെ പ്രതികരണം. നേരത്തെ ഖത്തർ ഉൾപ്പെടെയുളള രാജ്യങ്ങൾ വിലക്കിനെതിരെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വനിതാ സർവ്വകലാശാലകൾ അടച്ചുപൂട്ടാനും സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ പ്രവേശനം വിലക്കാനും അഫ്ഗാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടത്.
അതേസമയം വിലക്കിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്. കാബൂൾ സർവ്വകലാശാലയ്ക്ക് മുൻപിൽ വിദ്യാഭ്യാസം അവകാശമാണെന്നും സർവ്വകലാശാലകൾ തുറക്കണമെന്നും ആവശ്യപ്പെട്ട് അൻപതിലധികം പെൺകുട്ടികളാണ് പരസ്യ പ്രതിഷേധം നടത്തിയത്.
Discussion about this post