ഹൈന്ദവരായ ഈശ്വരവിശ്വാസികൾക്ക് എല്ലാം അറിയാവുന്ന ഒന്നാണ് ഓടപ്പൂവ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രസാദമാണ് ഓടപ്പൂവ്. പേരിൽ പൂവ് എന്നൊന്നുണ്ടെങ്കിലും കാഴ്ചയിൽ നരബാധിച്ചു നീട്ടിവളർത്തിയ താടിക്ക് സമമാണിത്.
ഓടപ്പൂവ് പ്രസാദമായി നൽകുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. സതിയുടെ പിതാവായ ദക്ഷൻ ഒരിക്കൽ യാഗം നടത്തി. ആ സമയത്ത്, മുനിമാരും ദേവന്മാരും ദക്ഷനെ വണങ്ങി. എന്നാൽ ശിവൻ അത് ചെയ്തില്ല. ഇതിൽ ദക്ഷൻ കോപാകുലനായി.ശിവനെ ശകാരിച്ച അദ്ദേഹത്തെ ശിവൻ ശപിച്ചു.ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം.
ദക്ഷൻ തന്റെ ശാപമുക്തിക്കുവേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെ എല്ലാവരേയും ക്ഷണിച്ചു. പത്നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്നിയായ സതിയും അറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.
എന്നാൽ പത്നിയായ സതി യാഗത്തിന് എത്തി. ദക്ഷൻ മകളെ കളിയാക്കി. ശിവനെയും നിന്ദിച്ചു.ഇതിൽ മനംനൊന്ത സതി ജീവത്യാഗം ചെയ്തു.സതി ദേഹതൃാഗം ചെയ്തുവെന്നറിഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു. അതിൽ നിന്നു ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. അതവന് വീണത് ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻ ചിറയിലാണെന്നാണ് വിശ്വാസം .അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് പ്രസാദമായി ഓടപ്പൂക്കൾ നൽകുന്നത്.
പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്ക്കരിച്ചതിനു ശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്.ഇതിനുള്ള ഈറ്റ വയനാട്ടിൽ നിന്നുമാണ് വെട്ടുന്നത്
Discussion about this post