പ്രയാഗ്‌രാജ്: ലോകത്തെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയുടെ 25-ാം ദിവസമാണ് ഇന്ന്. ജനുവരി 13ന് കുംഭമേളയുടെ ആരംഭം മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസം പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണി സംഗമമത്തിൽ പുണൽസ്‌നാനം നടത്തുകയും ഗംഗാ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം ബോട്ട് മാർഗമാണ് പ്രധാനമന്ത്രി ത്രിവേണി സംഗമത്തിലേക്ക് പോയത്. അതിവിശിഷ്ടമായ മാഘമാസ ദിനത്തിലാണ് മോദിയുടെ സന്ദർശനം.
ഇതുവരെ, 38.97 കോടി തീർത്ഥാടകരാണ് കുംഭമേളയിൽ പങ്കെടുത്തതെന്ന് യുപി സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 67.68 ലക്ഷം വിശ്വാസികളാണ് ഗംഗ, യമുന, സരസ്വതിയുടെ സംഗമസ്ഥാനത്ത് പുണ്യസ്‌നാനം നടത്തിയത്. 2025 ലെ മഹാകുംഭമേളയിലെ മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ സ്‌നാന ഉത്സവമായ വസന്ത പഞ്ചമി ദിനത്തിൽ 16.58 ലക്ഷം തീർത്ഥാടകരാണ് സ്‌നാനം നടത്തിയത്. ജനുവരി 29ന മൗനി അമാവാസി ദിനത്തിലും ലക്ഷക്കണക്കിന് പേർ കുംഭമേളയിൽ പങ്കെടുത്തിരുന്നു.
ഇന്നും നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് കുംഭമേളയുടെ പുണ്യം തേടി ഒഴുകിയെത്തുന്നത്. ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്വാൾ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു. കുംഭമേളയിൽ പങ്കെടുത്ത് ത്രവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ സൈന നെഹ്വാൾ കുംഭമേളയെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമെന്നാണ് വിശേഷിപ്പിച്ചത്. ഈ യൊരു സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ പിതാവിനൊപ്പമാണ് സൈന കുംഭമേളയിൽ പങ്കെടുത്തത്. ഈ പുണ്യ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ഒരു പ്രത്യേക അനുഭവമാണ്. ഇത്രയും മനോഹരമായ ഒരു ഉത്സവം സംഘടിപ്പിച്ചതിന് ഉത്തർപ്രദേശ് സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. കൂടുതൽ കൂടുതൽ ആളുകൾ ഇവിടെ സന്ദർശിച്ച് ഇത് ലോകമെമ്പാടും പ്രസിദ്ധമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’-സൈന പറഞ്ഞു.
Discussion about this post