തിരുവനന്തപുരം: ജാതി വേർതിരിവിനെച്ചൊല്ലി വിവാദത്തിലായ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. വാർത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടക്കുന്ന മീറ്റ് ദ പ്രസിൽ ഇക്കാര്യം അടൂർ വ്യക്തമാക്കിയേക്കുമെന്നാണ് സൂചന.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജിക്കൊരുങ്ങുന്നതെന്നാണ് സൂചന. അതേസമയം തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാരും നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ചെയർമാൻ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം അടൂർ പ്രതികരിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾ ചെയർമാൻ കൂടിയായ അടൂരിന് തുറന്ന കത്തെഴുതി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഇതിനിടെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ച അടൂരിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം ഇല്ലെന്ന അടൂരിന്റെ നിലപാടിനെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുളളവർ വിമർശിച്ചിരുന്നു.
വിദ്യാർത്ഥികളുടെ സമരത്തിന് പൊതുപിന്തുണ ഏറി വന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച ശങ്കർ മോഹൻ ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂരും രാജിക്ക് ഒരുങ്ങുന്നത്.
Discussion about this post