തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലൈഫ് മിഷൻ ഭവന പദ്ധതി അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണു. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കാൻ ധൈര്യമുണ്ടെങ്കിൽ, ശിഷ്യന് പിറകെ ആശാനും അകത്ത് പോകുമെന്നും സുധാകരൻ പറഞ്ഞു.
കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, സ്വർണക്കടത്ത് കേസുകളിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ശിവശങ്കറെ മുഖ്യമന്ത്രി സർവീസിൽ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെയും വിരമിക്കാനും നിബന്ധനകൾ കാറ്റിൽ പറത്തി പുസ്തകമെഴുതാനും അവസരം നൽകി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുൻപ് വിജിലൻസ് നടത്തിയ അന്വേഷണം സർക്കാർ അട്ടിമറിച്ചുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൊടുത്തു വിട്ട ബിരിയാണിച്ചെമ്പിലും മുഖ്യമന്ത്രിക്ക് വിദേശത്തേക്കു കൊടുത്തുവിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടായെന്നും സുധാകരൻ പറഞ്ഞു.
Discussion about this post