ന്യൂഡൽഹി : ത്രിപുരയിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഖ്യം ചേർന്ന സിപിഎം കേന്ദ്ര നേതൃത്വം ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസുമായി ഇനിയും സഖ്യം തുടരണോ എന്നതിൽ പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. സഖ്യത്തിൽ സിപിഎമ്മിന് കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ല. വോട്ടും സീറ്റും കുറഞ്ഞ സാഹചര്യത്തിലാണ് പാർട്ടിക്കുളളിൽ നിന്ന് തന്നെ നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നത്.
കോൺഗ്രസുമായി ദേശീയ രാഷ്ട്രീയ സഖ്യമില്ലെന്ന നയം തുടരാനാണ് സിപിഎം പാർട്ടി കോൺഗ്രസിൽ തീരുമാനമായത്. തുടർന്ന് കേരള മോഡലിന് ദേശീയ തലത്തിൽ പ്രചാരണം നൽകണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹി മാതൃക മറ്റ് സംസ്ഥാനങ്ങളിൽ ഉയർത്തിക്കാണിക്കുമ്പോൾ, പാർട്ടി കേരള മാതൃക പ്രചാരണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത് എന്നായിരുന്നു നിർദ്ദേശം. എന്നാൽ കോൺഗ്രസുമായി സഖ്യംചേർന്നതോടെ നിയന്ത്രണങ്ങളും വന്നു.
സഖ്യത്തിന്റെ ഭാഗമായി ത്രിപുരയിൽ 60 ൽ 17 ഓളം സീറ്റ് കോൺഗ്രസിന് നൽകിയിരുന്നു. അതോടെ കഴിഞ്ഞ തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്ന കോൺഗ്രസ് ഇത്തവണ നാല് ഇടങ്ങളിൽ വിജയിച്ചു. അതേസമയം സിപിഎമ്മിന് 11 സീറ്റ് മാത്രമാണ് സംസ്ഥാനത്ത് നേടാനായത്.
Discussion about this post