ബീജിങ്: രണ്ട് വർഷത്തിലധികം നീണ്ട അജ്ഞാതവാസത്തിന് ശേഷം ഇ കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകൻ ജാക് മാ വീണ്ടും ചൈനയിൽ പ്രത്യക്ഷപ്പെട്ടു. ഹാങ്ഷൂവിലെ ഒരു സ്കൂളിൽ നടന്ന പരിപാടിയിലാണ് ജാക് മാ പങ്കെടുത്തത്. ചൈനീസ് ഓഹരി വിപണി റെഗുലേറ്റർമാരെ വിമർശിച്ചതിന്റെ പേരിൽ ഭരണകൂടത്തിന്റെ അതൃപ്തി ഏറ്റുവാങ്ങിയ ജാക് മാ 2020 ന് ശേഷം പൊതുവേദിയിൽ സജീവമായിരുന്നില്ല.
ആലിബാബയുടെ ആസ്ഥാനനഗരമാണ് ഹാങ്ഷൂ. ഇവിടുത്തെ യൂങ്ഗൂ സ്കൂളിലെത്തിയ ജാക്മാ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ക്ലാസ്് മുറികൾ സന്ദർശിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചതെന്ന് സ്കൂൾ അധികൃതർ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ചാറ്റ് ജിപിടി പോലുളള സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ മേഖലയിൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് പരിപാടിയിൽ ജാക്മാ ചൂണ്ടിക്കാട്ടി. എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി അത് കൂടുതൽ ഉപയോഗിക്കണമെന്നും ജാക് മാ പറഞ്ഞു.
ഹോങ്കോംഗ്, ഷാങ്ഹായ് ഓഹരി വിപണിയിൽ ഐപിഒയ്ക്കായി ലിസ്റ്റ് ചെയ്യുന്നതിന്റെ തലേന്ന് ഫിനാൻഷ്യൽ റെഗുലേറ്റർമാരെ വിമർശിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ജാക്മാ ചൈനയിൽ നിന്ന് അപ്രത്യക്ഷനായത്. ഇതിന് പിന്നാലെ ഐപിഒ ചൈനീസ് സർക്കാർ തടയുകയും ചെയ്തു. ജനുവരിയിൽ ഫിൻടെക് സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണവും ജാക് മാ ഉപേക്ഷിച്ചിരുന്നു.
ടെക്നോളജി വ്യവസായ രംഗത്ത് കുത്തക സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ആലിബാബയ്ക്കെതിരെയും ചൈന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ചൈനയിലെ അസാന്നിദ്ധ്യം വാർത്തയായത്. കാർഷിക ടെക്നോളജിയെക്കുറിച്ച് പഠിക്കാൻ ജാക്മാ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നുവെന്നാണ് ആലിബാബയുടെ ഉടമസ്ഥതയിലുളള സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തിലധികമായി ജാക് മാ വിദേശത്ത് ആയിരുന്നുവെന്നും അടുത്തിടെയാണ് അദ്ദേഹം തിരിച്ചെത്തിയതെന്നും മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹോങ്കോംഗിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അദ്ദേഹമെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post