നാളെയാണ് പെസഹ വ്യാഴം. ഈസ്റ്ററിന് തൊട്ടുമുമ്പ് വന്നെത്തുന്ന വ്യാഴാഴ്ച ക്രൈസ്തവർ വിശുദ്ധദിനമായി കൊണ്ടാടുന്നു. കുരിശിൽ തറയ്ക്കപ്പെടുന്നതിന് മുമ്പ് യേശുവും ശിഷ്യന്മാരും ഒരുമിച്ചിരുന്ന് കഴിച്ച അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയാണ് ഈ ദിനം പെസഹ വ്യാഴമായി ആഘോഷിക്കുന്നത്. ഈ അത്താഴത്തിനിടയിൽ ക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയെന്നാണ് വിശ്വാസം. ഞാൻ നിങ്ങളെ സ്നേഹിച്ച പോലെ നിങ്ങൾ മറ്റൊരാളെ സ്നേഹിക്കണമെന്ന ഉപദേശവും അന്ന് യേശു നൽകിയതായി പറയപ്പെടുന്നു.
പെസഹ എന്നാൽ കടന്നുപോകൽ എന്നാണ് അർത്ഥം. ഇംഗ്ലീഷിൽ ‘മോണ്ടി തേർസ്ഡേ ‘എന്നാണ് പെസഹ വ്യാഴം അറിയപ്പെടുന്നത്. ‘കൽപ്പന’ എന്നർത്ഥമുള്ള ലാറ്റിൻ പദമായ ‘മൻഡാറ്റം’ എന്ന വാക്കിൽ നിന്നാണ് മോണ്ടിയെന്ന വാക്ക് ഉണ്ടാകുന്നത്. അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കാനായി വിശ്വാസികൾ അന്നേ ദിവസം അപ്പവും വീഞ്ഞും ഭക്ഷിക്കുന്നു. ക്രൈസ്തവ ആരാധനാലയങ്ങളിൽ അന്നേ ദിവസം വിശുദ്ധ കുർബ്ബാന സമർപ്പണം ആരംഭിക്കുന്നു. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമായി കരുതി നൽകുന്ന ചടങ്ങും പെസഹ വ്യാഴാഴ്ചയാണ് നടക്കുന്നത്.
വിശുദ്ധവാരത്തിലെ അഞ്ചാംദിനമാണ് പെസഹവ്യാഴം. ഈ ദിനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ യേശു അനുഭവിച്ച കഷ്ടതകളും കുരിശിലേറ്റലും മരണവും ഉയിർത്തെഴുന്നേൽക്കലും സ്മരിക്കുന്നു. ക്രിസ്തീയ ഭവനങ്ങളിൽ പെസഹ അപ്പം ഉണ്ടാക്കി അപ്പം മുറിക്കൽ ചടങ്ങ് നടക്കും. സകലപാപങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതിനായി യേശു അപ്പം മുറിച്ച് ഇത് തന്റെ ശരീരവും രക്തവുമാകുന്നുവെന്ന് പറഞ്ഞ് പന്ത്രണ്ട് ശിഷ്യന്മാർക്ക് നൽകിയെന്നാണ് വിശ്വാസം. യേശുവിന്റെ ത്യാഗങ്ങളും ജീവത്യാഗവും മനുഷ്യനന്മയ്ക്ക് വേണ്ടിയാണെന്ന സന്ദേശമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
Discussion about this post