മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ചന്ദേരായ് സ്വദേശിയായ ഗുലാം ഗാസിയാണ് അറസ്റ്റിലായത്. വിവരാവകാശ പ്രവർത്തകൻ കൂടിയാണ് ഇയാൾ.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഇയാൾ മോദിയെയും അമിത് ഷായെയും അപമാനിച്ചത്. മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവ് കൃതി സോമയ്യയെയും ഇയാൾ അപമാനിച്ചിരുന്നു. ഇയാളുടെ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
അപമാനിച്ചുകൊണ്ടുള്ള കുറിപ്പിന് പുറമേ ഇയാൾ പ്രധാനമന്ത്രിയ്ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളും ചേർത്താണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post