ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ നിർണായക തെളിവാണ് ഇത്. കൊലപാതകം നടത്തിയതിന് ശേഷം കത്തി ഉപേക്ഷിച്ചാണ് രക്ഷപെട്ടതെന്ന് പ്രതി സാഹിൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം പ്രദേശത്തെ ഒരു കുറ്റിക്കാട്ടിലേക്ക് ഇയാൾ ഇത് വലിച്ചെറിയുകയായിരുന്നു. സാഹിലിന്റെ മൊബൈൽ ഫോണും കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്.
ഇയാളുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. സാഹിൽ ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റിപ്പറയുന്നത് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ ഭാവന, അജയ്, നീതു എന്നിവരെ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുന:സൃഷ്ടിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു. നിലവിൽ കേസുമായി സാഹിലിന് മാത്രമാണ് ബന്ധമുള്ളത് എന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കൊലപാതകം നടന്ന സമയം പ്രദേശത്ത് കൂടി കടന്ന് പോയ എട്ട് പേരെ പോലീസ് തിരിച്ചറിയുകയും, ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 34ഓളം മുറിവുകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. 22 തവണ കത്തി കൊണ്ട് കുത്തിയ ശേഷം സിമന്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ തലയോട്ടിയടക്കം പൊട്ടിയ നിലയിലായിരുന്നു.
Discussion about this post