ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് ഒരു തീർത്ഥാടകയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് പേരെ രക്ഷപെടുത്തി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിലേക്കുളള യാത്രാ പാതയിൽ അട്ലകോതിയിലായിരുന്നു ദുരന്തം ഉണ്ടായത്. മഞ്ഞുമലയുടെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
അപകത്തിന് പിന്നാലെ തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപെടുത്തി. എന്നാൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനായില്ല. ഇവർക്കായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടുമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും നടത്തിയത്.
കമൽജീത് കൗർ എന്നാണ് മരിച്ച സ്ത്രീയുടെ പേര്. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 26 ന് ഹേമകുണ്ഡ് യാത്ര മഞ്ഞുവീഴ്ചയെ തുടർന്ന് അധികൃതർ താൽക്കാലികമായി വിലക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം മഞ്ഞുവീഴ്ച ശമിച്ചതോടെ 28 നാണ് യാത്ര പുനരാരംഭിച്ചത്.
സമുദ്രനിരപ്പിന് 4633 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയാണ്. നേരത്തെ സുരക്ഷ കണക്കിലെടുത്ത് 60 വയസിന് മുകളിലുളളവരുടെയും കുട്ടികളുടെയും ഇതുവഴിയുളള യാത്ര വിലക്കിയിരുന്നു.
Discussion about this post