ഇന്ത്യയുടെ ആണവക്കരുത്ത്, സൈനിക പ്രതിരോധത്തിന്റെ മൂർച്ചയേറിയ ആയുധം, അഗ്നി പ്രൈം വിജയകരമായി അതിന്റെ രാത്രികാല പരീക്ഷണം പൂർത്തിയാക്കിയിരിക്കുകയാണ്. ആണവ പോർമുനകൾ വഹിച്ച് 2,000 മുതൽ അയ്യായിരം കിലോമീറ്റർ ദൂരം വരെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈൽ. അയൽരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന, ശത്രുഭയക്കുന്ന ഈ മഹാഗ്നിയുടെ മുഖ്യശിൽപ്പി ഒരു മലയാളി വനിത ആണെന്നത് നമുക്കേറെ അഭിമാനിക്കാവുന്ന ഒന്നാണ്.
ഭാരതത്തിന്റെ മിസൈൽ വനിത എന്നും അഗ്നിപുത്രി എന്നും അറിയപ്പെടുന്ന ആലപ്പുഴക്കാരി ടെസി തോമസാണ് അഗ്നി പ്രൈമിന്റെ അമരക്കാരി. അറബിക്കടലും വേമ്പനാട്ടുകായലും അതിർത്തി കാക്കുന്ന തത്തംപള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ് പിന്നിട്ട വഴികളിലെല്ലാം നേട്ടത്തിന്റെ ചരിത്രമെഴുതിയ ടെസി തോമസ് വരുന്നത്.
ആലപ്പുഴ തത്തംപള്ളി തൈപറമ്പിൽ വീട്ടിൽ ടിജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറുമക്കളിൽ നാലമത്തെയാൾ. സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച് മലയാളം മീഡിയം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ടെസി ഇന്ന് എത്തിപ്പിടിച്ച നേട്ടങ്ങളെല്ലാം ഇച്ഛാശക്തികൊണ്ട് മാത്രം സ്വന്തമാക്കിയവയാണ്. തൃശൂർ ഗവൺമെന്റ് എഞ്ചിനീറിങ് കോളേജിൽ നിന്നാണ് ടെസി, ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദം നേടിയത്. പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം. ടെക്കും നേടി. മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുൽ കലാം എന്ന ഗുരുനാഥനാണ് ടെസിയുടെ സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകളേകിയത്.
പഠനകാലത്തും ടെസിയ്ക്ക് വേഗതയോട് തന്നെ ആയിരുന്നു താത്പര്യം. ട്രാക്കുകളിൽ മിസൈൽ പോലെ ടെസി കുതിച്ച് ഒന്നാമതായി. ഓടി ഒന്നാമതെത്താനുള്ള ആ ആഗ്രഹം ഇന്ന് ഭാരതത്തിന് അഭിമാനമായി മാറിയ അഗ്നി പ്രൈമിന്റെ രൂപത്തിലെത്തി നിൽക്കുന്നു. 1988 മുതൽ തന്നെ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിക്കുന്ന ടെസി, 3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി – 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അഗ്നി 3 ന്റെ പരാജയ കാരണം കണ്ടെത്താനുള്ള വിദഗ്ധ സമിതിയിൽ ടെസിയുടെ പ്രവർത്തനമികവ് അവരെ അഗ്നി 4 ന്റെ പ്രോജക്ട് ഡയറക്ടർ പദവിയിലേക്ക് ഉയർത്തി.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്തികൾക്കൊപ്പം ഇന്ത്യയ്ക്കും ഇടം നേടിത്തന്ന് അഗ്നി 4 ചരിത്രമായി. ടെസിയും വിജയ ചരിത്രത്തിന്റെ ഭാഗമായി. 5000 കി.മി.ദൂര പരിധിയുള്ള അഗ്നി 5 പ്രോജക്ട് മിഷൻ ഡയറക്ടറായും ടെസി പ്രവർത്തിച്ചു. അഗ്നി 5 ന്റെ പരീക്ഷണങ്ങളും വിജയിച്ചതോടെ ടെസി ഇന്ത്യയുടെ പെൺകരുത്തായി മാറി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിച്ചുവരുന്ന ടെസി നിലവിൽ ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലാണ്. ഇച്ഛാശക്തിയുടെ അഗ്നിച്ചിറകുകളിൽ ഇന്ത്യയ്ക്ക് അഭിമാനമായ ടെസി തോമസ് സ്ത്രീ ശക്തീകരണത്തിന്റെ ഉത്തമ മാതൃക തീർക്കുകയാണ്.
Discussion about this post