ഗാങ്ടോക്ക്: വടക്കൻ സിക്കിം ജില്ലയിൽ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. പ്രദേശത്തുണ്ടായ കനത്ത മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നതോടെയാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. ഇവർക്ക് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് പോകുന്നതിനായി താത്കാലിക പാലം ഉൾപ്പെടെ നിർമ്മിച്ചാണ് സൈന്യം സഹായം നൽകിയത്. ഇവർക്ക് ഭക്ഷണവും വിശ്രമിക്കാനുള്ള സ്ഥലവും വൈദ്യസഹായവും ഉൾപ്പെടെ സൈനികർ ചെയ്ത് നൽകി.
3500ഓളം വിനോദസഞ്ചാരികളെയാണ് ഇതുവരെ മേഖലയിൽ നിന്ന് സൈന്യം രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ രണ്ടാം ദിവസമാണ് ലാച്ചുങ് ലാച്ചനിൽ ഒറ്റപ്പെട്ടുപോയ 300 വിനോദസഞ്ചാരികളെ രക്ഷിച്ചത്. താത്കാലിക പാലം നിർമ്മിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. മണ്ണിടിച്ചിലിൽ പ്രദേശത്ത് വ്യാപകമായ തോതിൽ റോഡുകൾ തകർന്നിട്ടുണ്ട്. ഇവ നന്നാക്കുന്നതിന്റെ ഭാഗമായി ജില്ലയിലേക്ക് ഉടനെ വിനോദസഞ്ചാരികൾക്ക് പെർമിറ്റ് നൽകില്ലെന്ന് നോർത്ത് സിക്കിം ജില്ലാ കളക്ടർ ഹേം കുമാർ ചേത്രി പറഞ്ഞു.
വിനോദസഞ്ചാരികളെ വിജയകരമായി ഒഴിപ്പിക്കാൻ സഹായിച്ചതിന് ബിആർഒ, ജിആർഇഎഫ്, ഐടിബിപി, ആർമി, ജില്ലാ ഉദ്യോഗസ്ഥരോട് കളക്ടർ നന്ദി അറിയിച്ചു. ഗതാഗതസൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം മാത്രമായിരിക്കും സഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.
Discussion about this post