ന്യൂഡൽഹി : 77-ാമത് സ്വാതന്ത്ര്യദിനം ചൊവ്വാഴ്ച ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.
ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1,000 മുഖം തിരിച്ചറിയാൻ കഴിയുന്ന എഫ്ആർ സിസിടിവി ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ നീളുന്ന പട്ടികയാണ് സുരക്ഷാ നടപടികളുടെ ഭാഗമായി ചെങ്കോട്ടയിൽ വിന്യസിച്ചിട്ടുള്ളത്.
ദേശീയ തലസ്ഥാനം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒരുങ്ങുമ്പോൾ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലായിടത്തും ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് COVID-19 നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ വലിയ ജനസമാഗമം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ സ്പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ദേപേന്ദ്ര പഥക് ആണ് പങ്കുവെച്ചത്.
സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പോലീസിനോടൊപ്പം മറ്റ് ഏജൻസികളുമായി തത്സമയ വിവരങ്ങൾ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യും. സുരക്ഷാ ആവശ്യങ്ങൾക്കായി ദില്ലി പോലീസ് എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. എല്ലാം ഒരുക്കങ്ങളും പരിശീലനങ്ങളും ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.
പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചെങ്കോട്ടയിൽ വ്യോമ പ്രതിരോധ തോക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്നൈപ്പർമാർ, എലൈറ്റ് SWAT കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഏതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾ തടയാൻ സേന അതീവ ജാഗ്രതയിൽ തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post