ഭോപ്പാൽ: മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ വളർത്തുനായ കുരച്ചതിനെ ചൊല്ലി നടന്ന വഴക്കിനെ തുടർന്ന് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി ഭർത്താവ്. ഉജ്ജ്വയ്നിലെ ബദ്നാഗറിലായിരുന്നു ഞെട്ടിക്കുന്ന അരുംകൊല നടന്നത്. ഗംഗാഭായി (40) മകൾ നേഹ (17), മകൻ യോഗേന്ദ്ര (14) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇവരുടെ രണ്ട് മക്കൾ പിതാവിന്റെ ആക്രമണത്തിൽ നിന്ന് ടെറസ് വഴി അയൽവീട്ടിലേക്ക് ചാടി രക്ഷപെടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് എത്തിയ ദിലീപ് പൻവാർ വീടിന്റെ പുറത്ത് നിൽക്കുമ്പോൾ വളർത്തു നായ കുരച്ചു. നിർത്താൻ പലതവണ പറഞ്ഞിട്ടും നായ കുരച്ചുകൊണ്ടേ ഇരുന്നു. ഇതിൽ രോഷാകുലനായ പൻവാർ വീടിനുള്ളിൽ കയറി നായയെ കൊല്ലാൻ വാളെടുത്തു. ഇതുകണ്ട് തടഞ്ഞ ഭാര്യയെ രോഷാകുലനായി ഇയാൾ വാളുകൊണ്ട് വെട്ടുകയായിരുന്നു. ഇടയ്ക്കു കയറിയ മക്കളെയും ആക്രമിച്ചു. ഭാര്യയും മക്കളും രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇവരുടെ മക്കളായ ബുൾബുൾ (11), ദേവേന്ദ്ര (13) എന്നിവരും ഉണ്ടായിരുന്നെങ്കിലും പിതാവ് അക്രമാസക്തനായതോടെ ഇവർ ടെറസ് വഴി രക്ഷപെടുകയായിരുന്നു. ഇവർ അയൽക്കാരെ അറിയിക്കുകയും അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് വളർത്തുനായയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഉണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞാഴ്ച ഇൻഡോറിൽ ഒരു കുടുംബത്തിലെ രണ്ട് പേർ വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തിൽ വെടിയേറ്റ് മരിച്ചിരുന്നു.
Discussion about this post