ശ്രീനഗര്‍ : ഇന്ന് രാജ്യത്ത് സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സാധാരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ കീഴിലെ 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“അതിര്‍ത്തി വികസന പദ്ധതികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) പങ്ക് വളരെ പ്രധാനമാണ്. കഠിന പ്രയത്നത്തിലൂടെയാണ് അവര്‍ അത് നേടിയെടുക്കുന്നത്. ഒരു പ്രധാനപ്പെട്ട പദ്ധതി ആരംഭിക്കുകയും കൃത്യസമയത്ത് അവ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നത് പുതിയ ഇന്ത്യയുടെ മാറ്റമായാണ് ജനങ്ങള്‍ മനസിലാക്കുന്നത്. 2,941 കോടി രൂപ ചിലവില്‍ 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ഇന്ന് പൂര്‍ത്തിയാക്കിയിരിക്കുന്നത്”, അദ്ദേഹം പറഞ്ഞു.
“റോഡുകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല, ജനങ്ങളുടെ ഹൃദയത്തില്‍ കേറി പറ്റുന്നതും ബിആര്‍ഒയുടെ ചുമതലയാണ്. റോഡുകള്‍ നിര്‍മ്മിച്ച് രണ്ട് പ്രദേശങ്ങളെ മാത്രമല്ല, രണ്ട് സമൂഹത്തെ കൂടി ഒന്നിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍, ജനങ്ങളിലൂടെയാവണം ഓരോ രാജ്യത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ പദ്ധതിയിലും ബിആര്‍ഒ അവിടുത്തെ തദ്ദേശസ്ഥാപനങ്ങളുമായും ജനങ്ങളുമായും തുടര്‍ച്ചയായി ഇടപഴകി വേണ്ം പ്രവര്‍ത്തിക്കാന്‍. അവരോട് സംസാരിച്ചും മനസ്സിലാക്കിയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും അവരില്‍ നിന്ന് പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുമാകണം ബിആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട പോകേണ്ടത്. അതിലൂടെ അവര്‍ക്ക് സര്‍ക്കാരിനോടും വികസന പ്രവര്‍ത്തകരോടുമുള്ള വിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജോലികള്‍ സുഗമമാകുകയും ചെയ്യും”, കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിനും നോര്‍ത്ത് ടെക് സിമ്പോസിയത്തില്‍ പങ്കെടുക്കാനുമായാണ് പ്രതിരോധമന്ത്രി ജമ്മുവിലെത്തിയത്. 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. 21 റോഡുകള്‍, 64 പാലങ്ങള്‍, തുരങ്കം, രണ്ട് എയര്‍ സ്ട്രിപ്പുകള്‍, രണ്ട് ഹെലിപ്പാഡുകള് എന്നിവ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. മൊത്തം 2941 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
Discussion about this post