ന്യൂഡൽഹി: രാജ്യസഭയിലെ ആദ്യദിനസമ്മേളനത്തിൽ കോൺഗ്രസ്സ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദപരാമർശം പ്രതിഷേധത്തിനു കാരണമായി. എസ് സി എസ് ടിയിലെയുംമറ്റു പിന്നോക്കവിഭാഗങ്ങളിലെയും ദുർബ്ബലരായ സ്ത്രീകളെയാണ് രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർഥികളാക്കുന്നത് എന്നായിരുന്നു ഖാർഗെയുടെ പ്രസ്താവന. പട്ടികജാതിക്കാരായ സ്ത്രീകളിൽ സാക്ഷരതാനിരക്ക് കുറവാണ്. വിദ്യാസമ്പന്നരായ സ്ത്രീകളെയും ശക്തമായ മത്സരം കാഴ്ച വെക്കാൻ ശേഷിയുള്ളവരെയും അവർ പരിഗണിക്കില്ല. പ്രതികരിക്കില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ മത്സരരംഗത്തേക്ക് പരിഗണിക്കൂ എന്നും ഖാർഗെ പറഞ്ഞു.
എന്നാൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ആ രീതിയിൽ കാണരുതെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രതികരിച്ചു. പ്രതിപക്ഷനേതാവിനെ ബഹുമാനിക്കുന്നുവെങ്കിലും ഈ പ്രസ്താവനയോടു യോജിക്കാൻ സാധിക്കില്ല. ബിജെപിയിൽ കഴിവുള്ള സ്ത്രീകളെത്തന്നെയാണ് എം പി മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി എല്ലാ പിന്തുണയും അക്കാര്യത്തിൽ നൽകി.ദളിത് വിഭാഗത്തിൽ നിന്നുവന്ന കഴിവുറ്റ സ്ത്രീയാണ് ദ്രൗപതി മുർമു. രാഷ്ട്രപതി എന്ന ഉന്നതസ്ഥാനം അവർ നേടിയതും ആ കഴിവിൻ്റെ അടിസ്ഥാനത്തിലാണ്.കോൺഗ്രസ്സിൽ വനിതാ പ്രസിഡൻ്റ് ഉണ്ടായിരുന്നു. എന്നിട്ടും ഇത്തരത്തിൽ അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ജി എസ് ടി വിഷയത്തിലും ഇരുവരും തമ്മിലുള്ള വാക്പോരു നടന്നു. സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്നില്ലെന്നായിരുന്നു ഖാർഗെയുടെ ആരോപണം. എന്നാൽ ഒരു രൂപ പോലും സംസ്ഥാനങ്ങൾക്ക് കുടിശ്ശികയില്ലെന്ന് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. തർക്കം രൂക്ഷമായ വേളയിൽ പറയാനുള്ളത് രേഖാമൂലം എഴുതി നൽകാൻ രാജ്യസഭാദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
Discussion about this post