ലക്നൗ; ഉത്തർപ്രദേശിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാൻ ആണ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ പോലീസിന് നേരെ അനീസും സംഘവും വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ടന്റ് രാജ് കരൺ നയ്യാർ വ്യക്തമാക്കി.
പോലീസിന് നേരെ വെടിയുതിർത്ത പ്രതിയുടെ രണ്ട് കൂട്ടാളികൾക്കും വെടിയേറ്റിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതായി യുപി പോലീസ് അറിയിച്ചു. ആസാദ്, വിശംബർ ദയാൽ ദുബൈ എന്നിവരാണ് കസ്റ്റഡിയിലായത്.
ഈ കഴിഞ്ഞ ഓഗസറ്റ് 30ന് ആയിരുന്നു ട്രെയിനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടന്നത്. അയോധ്യയ്ക്ക് സമീപം സരയൂ എക്സ്പ്രസിൽ വനിതാ കോൺസ്റ്റബിളിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പോലീസ് ഉദ്യോഗസ്ഥയെ ട്രെയിനിൽ നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥ ലക്നൗ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post