എറണാകുളം : ഓൺലൈൻ ലോട്ടറിയുടെ പേരിൽ മലയാളി വീട്ടമ്മയിൽ നിന്നും ഉത്തരേന്ത്യൻ സ്വദേശികൾ തട്ടിയെടുത്തത് ഒരു കോടിയിലേറെ രൂപ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.
ഒരുകോടി 12 ലക്ഷം രൂപയാണ് ഇവർക്ക് നഷ്ടപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാഞ്ചിയിൽ നിന്നും പിടിയിലായ പ്രതികളെ ഉടൻതന്നെ കേരളത്തിൽ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
സ്നാപ് ഡീൽ ലക്കി ഡ്രോ എന്ന പേരിൽ ആയിരുന്നു ഇവർ വീട്ടമ്മയെ തട്ടിപ്പിന് ആക്കിയത്. ലക്കി ഡ്രോയിൽ വിജയിച്ചതായി ഇവർ ആദ്യം വീട്ടമ്മയെ അറിയിച്ചു. തുടർന്ന് സമ്മാനം സ്വന്തമാക്കുന്നതിനായി ചില സർവീസ് ചാർജുകൾ അടയ്ക്കേണ്ടതായുണ്ടെന്ന് ധരിപ്പിച്ചാണ് പല ഘട്ടങ്ങളിലായി ഒരുകോടി 12 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തത്. ആഡംബര ജീവിതം നയിക്കുന്നതിനായാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആണ് ഈ കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തിയത്. റാഞ്ചിയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. മൂന്ന് ബീഹാർ സ്വദേശികളും ഒരു റാഞ്ചി സ്വദേശിയുമാണ് പ്രതികൾ. ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന തുക എടിഎമ്മിൽ നിന്നും പിൻവലിച്ച ശേഷം ബിറ്റ് കോയിൻ ആക്കി മാറ്റുന്നതായിരുന്നു പ്രതികളുടെ രീതി. ഇവരിൽ നിന്നും നിരവധി എടിഎം കാർഡുകളും ബാങ്ക് പാസ്ബുക്കുകളും ഒന്നേകാൽ ലക്ഷത്തോളം രൂപയും പോലീസ് കണ്ടെത്തി.
Discussion about this post