ഇറ്റാനഗർ: കായികതാരങ്ങൾക്ക് അനുമതി നിഷേധിച്ചതിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെതിരെ അരുണാചൽ പ്രദേശിൽ ശക്തമായ പ്രതിഷേധം. ഷീ ജിൻപിംഗിന്റെ കോലം കത്തിച്ചു. സംസ്ഥാനത്തെ തേസു ടൗണിലായിരുന്നു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ എത്തിയ മൂന്ന് വുഷു താരങ്ങൾക്ക് ആയിരുന്നു ചൈന അനുമതി നിഷേധിച്ചത്. വിമാനത്താവളത്തിൽ എത്തിയ മൂന്ന് പേരെയും കൈവശമുള്ളത് ശരിയായ രേഖകൾ അല്ലെന്ന് ആരോപിച്ച് തിരിച്ച് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് മൂന്ന് പേർക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡന്റിനെതിരെ പ്രതിഷേധം ആരംഭിച്ചത്.
എബിവിപിയും ഓൾ അരുണാചൽ പ്രദേശ് യൂത്ത് ഓർഗനൈസേഷനും സംയുക്തമായായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിൽ ത്രിപാത്, ചാംഗ്ലാംഗ്, ലോംഗ്ദിംഗ് സ്റ്റുഡന്റ്സ് യൂണിയൻ എന്നിവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ഗാന്ധി ചൗക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരമദ്ധ്യത്തിലായിരുന്നു അവസാനിച്ചത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കായിക താരങ്ങൾക്ക് നീതി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കായിക താരങ്ങളായ നെയ്മാൻ വാംഗ്സു, ഒനിലു ടെഗ, മെപുംഗ് ലാംഗു എന്നിവർക്കാണ് ചൈന അനുമതി നിഷേധിച്ചത്. ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചൈനയുടെ നീക്കം. ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശും തങ്ങളുടേത് ആണെന്നാണ് ചൈനയുടെ വാദം. ഇതിനിടെ അരുണാചലും ലഡാക്കും ഉൾപ്പെടുത്തി ഭൂപടം ഉൾപ്പെടെ ചൈന പുറത്തിറക്കിയിരുന്നു. ഇതിലെല്ലാം ചൈന വിമർശനം നേരിടുന്നതിനിടെയാണ് കായിക താരങ്ങൾക്ക് അനുമതി നിഷേധിച്ചത്.
Discussion about this post