ബംഗളൂരു : നിയന്ത്രിക്കാനാകാത്ത ഗതാഗതക്കുരുക്ക് കാരണം വലയുകയാണ് ബംഗളൂരു നഗരം. ഇപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പുതിയൊരു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഭരണകൂടം. സ്കൂൾ സമയത്തിൽ മാറ്റം വരുത്തുക എന്നുള്ളതാണ് ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയിട്ടുള്ള വഴി. കർണാടക വിദ്യാഭ്യാസ വകുപ്പാണ് സമയമാറ്റത്തിനുള്ള പദ്ധതികൾ വിശദമായി പരിശോധിക്കുന്നത്.
സമയമാറ്റവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് യോഗം ചേർന്നിരുന്നു. നഗരത്തിലുടനീളമുള്ള സ്കൂൾ സമയക്രമം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഈ യോഗം ചർച്ച ചെയ്തു. സ്വകാര്യ, സർക്കാർ സ്കൂളുകളുടെ മേധാവികളുമായും കർണാടക വിദ്യാഭ്യാസ വകുപ്പ് ചർച്ച നടത്തി. സാധാരണ ആരംഭിക്കുന്നതിലും അരമണിക്കൂർ മുൻപ് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
എന്നാൽ നേരത്തെ ക്ലാസുകൾ തുടങ്ങുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. രക്ഷിതാക്കളുടെ ജോലിക്കും ഈ തീരുമാനം മൂലം ബുദ്ധിമുട്ടുണ്ടാകും എന്ന് അഭിപ്രായമുണ്ട്. സ്കൂൾ സമയം മാറ്റുന്നതിനുപകരം സ്കൂളുകൾക്ക് സമീപത്തെ പ്രധാന ട്രാഫിക് ജംഗ്ഷനുകളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതാണ് മികച്ച തീരുമാനം എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.
Discussion about this post