വാരാണസി : രാജ്യം മുഴുവൻ ദീപാവലി ആഘോഷത്തിന്റെ നിറവിലാണ്. ദീപാവലി ദിനമായ ഞായറാഴ്ച വാരണാസിയിലെ ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ രാം ആരതി നടത്തി. ലമാഹിയിലുള്ള വിശാലഭാരത സൻസ്ഥാനിൽ വെച്ചാണ് മുസ്ലിം സ്ത്രീകളുടെ രാം ആരതി നടന്നത്.
ശ്രീരാമനെ സ്തുതിച്ചുകൊണ്ട് പാടുകയും ആരതി നടത്തുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. മുസ്ലീം മഹിളാ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ ആരതി ചടങ്ങുകൾ നടന്നത്. ഇത്തരം പരിപാടികളിലൂടെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സാംസ്കാരികവും സാമൂഹികവുമായ ഒത്തുചേരലിൽ വിശ്വസിക്കുന്നതായി ഫൗണ്ടേഷൻ പ്രസിഡണ്ട് നസ്നീൻ അൻസാരി വ്യക്തമാക്കി.
” നമുക്ക് നമ്മുടെ പേരും മതവും മാറ്റാൻ കഴിയും. പക്ഷേ നമ്മുടെ പൂർവികരെ മാറ്റാൻ ഒരിക്കലും കഴിയില്ല. ഭഗവാൻ ശ്രീരാമൻ നമ്മുടെ എല്ലാവരുടെയും പൂർവികനാണ്. ശ്രീരാമനെ സ്തുതിക്കുന്നത് ഐക്യം വർദ്ധിപ്പിക്കുക കൂടി ചെയ്യും. രാമനാമത്തിന്റെ വെളിച്ചത്തോടെ അനീതിയുടെ അന്ധകാരം അപ്രത്യക്ഷമാകുന്നു” എന്നും നസ്നീൻ അൻസാരി വ്യക്തമാക്കി.
“ഇന്നത്തെ ലോകത്തിന്റെ സാഹചര്യത്തിൽ രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാമരാജ്യത്തിന് ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. ഞങ്ങൾ ഇന്ത്യക്കാരാണ്, അതിനാൽ ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്” എന്നും നസ്നീൻ അൻസാരി വ്യക്തമാക്കി.
Discussion about this post