കോഴിക്കോട് : മീഡിയ വൺ റിപ്പോർട്ടറോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. വൻജനക്കൂട്ടമാണ് സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിക്ക് പിന്തുണയറിയിച്ചുകൊണ്ട് തടിച്ചുകൂടിയത്. തിരക്കിനിടയിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
നടക്കാവ് പോലീസ് സ്റ്റേഷനു മുൻപിലായി നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരുന്നത്. പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡിലായി സ്ത്രീകൾ അടക്കമുള്ള വലിയ ജനക്കൂട്ടം തടിച്ചു കൂടുകയും ചെയ്തു. നിയന്ത്രിക്കാൻ ആവാതെ ആയതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
ഈ മാസം 18ന് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. പതിനഞ്ചാം തീയതി തന്നെ ഹാജരാകുമെന്ന് സുരേഷ് ഗോപി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് അഭിഭാഷകർ സുരേഷ് ഗോപിക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്, പി കെ കൃഷ്ണദാസ്, വി കെസജീവന് എന്നിവരും നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തി. അപമര്യാദയായി പെറുമാറിയെന്ന കേസിൽ ഐപിസി 354 എ വകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post