കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ കയറണമെന്ന സാനുമാഷിന്റെ ആഗ്രഹം സഫലമാക്കി സുരേഷ്ഗോപി. ഫേസ്ബുക്ക് പേജിലൂടെ സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.
സാനുമാഷിനൊപ്പം വിക്രാന്തിൽ നിൽക്കുന്ന ചിത്രവും വിക്രാന്തിലെ ദേശീയപതാകയെ സല്യൂട്ട് ചെയ്യുന്ന ചിത്രവും നടൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ നിർമാണത്തിന് പിന്നിൽ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സുരേഷ് ഗോപി കുറിച്ചു.
അടുത്തിടെ സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പൻ സ്മാരക പുരസ്കാരം നൽകുന്നതിൽ നിന്ന് സാനുമാഷിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയിരുന്നു. സുരേഷ് ഗോപിയുടെ രാഷ്്ട്രീയം കണക്കിലെടുത്തായിരുന്നു പുകസയുടെ നടപടി. കൊച്ചിയിൽ നടന്ന പരിപാടിയിൽ സാനുമാഷ് പങ്കെടുത്തുമില്ല.
എന്നാൽ പുരസ്കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ സാനുമാഷിന്റെ പേരെടുത്ത് പരാമർശിച്ച സുരേഷ് ഗോപി അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്ക് ഉണ്ടെന്നും പറഞ്ഞിരുന്നു.
Discussion about this post