2023 ഓഗസ്റ്റിലെ ഒരു പ്രഭാതം, എന്നത്തേയും പോലെ കുടുംബത്തോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു പർഷോതം കുമാർ എന്ന കർഷകൻ. ഗ്രാമത്തിലെ ഡിഫൻസ് കമ്മറ്റി അംഗം കൂടിയായ പർഷോതം കുമാർ തന്റെയുള്ളിലെ ധീരദേശാഭിമാനിയെ സ്വയം തിരിച്ചറിഞ്ഞ ദിനമായിരുന്നു ആ ഓഗസ്റ്റ് 5.
ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഗ്രാമത്തിനോട് ചേർന്നുള്ള കാടിന്റെ ഓരോ മുക്കും മൂലയും സ്വന്തം വീട് പോലെ സുപരിചിതം. അന്ന് വിറക് ശേഖരിക്കുന്നതിനിടെ അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുകയുണ്ടായി, ആ പ്രദേശത്ത് ഇതുവരെ കണ്ടുപരിചയമല്ലാത്ത ചില മുഖങ്ങൾ. മാരകായുധങ്ങൾ പോലെ എന്തോ അവരുടെ കൈകളിൽ ഉള്ളത് പോലെ. തന്റെ ഗ്രാമത്തിലേക്ക് ആസന്നമായ അപകടം, ഉൾവിളിപോലെ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ശ്രദ്ധയിൽപ്പെട്ടത് ഭീകരരാണെന്ന് തിരിച്ചറിഞ്ഞ നിമിഷം പതറാതെ അദ്ദേഹം അതിനെ നേരിടാൻ ഉറച്ചു. ആദ്യം തന്നെ തന്റെ കുടുംബത്തെയും കൂടെ വന്നവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അസാമാന്യ നേതൃപാടവത്തോടെയായിരുന്നുപിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും. പർഷോതം കുമാർ സ്വയം രാജ്യത്തിന്റെ സംരക്ഷകരിലൊരാളായി മാറുകയായിരുന്നു.
ആദ്യം തന്നെ വില്ലേജ് ഡിഫൻസ് കമ്മറ്റിയെ സംഭവം അറിയിച്ചു. സമയം പാഴാക്കാതെ പോലീസിനെയും സൈന്യത്തയും വിവരം അറിയിച്ചു.സ്വന്തം സുരക്ഷ പോലും നോക്കാതെ പർഷോതം കുമാർ സൈന്യം അവിടെ വളയും വരെ ഭീകരരുടെ ഓരോ നീക്കവും നിരീക്ഷിച്ച് സഹായിയായി. ആ യുവ കർഷകന്റെ സഹായത്താൽ അന്ന് സൈന്യത്തിന് ഭീകരരെ വധിക്കാനായി. അന്ന് അദ്ദേഹം കാണിച്ച വീരത്വം കാരണം ഒരു ഭീകരാക്രമണത്തെ നിഷ്പ്രഭമാക്കാൻ സൈന്യത്തിന് കഴിഞ്ഞു. ഇന്ന് മാസങ്ങൾക്കിപ്പുറം രാജ്യം പർഷോതം കുമാർ എന്ന കർഷകനെ ശൗര്യ ചക്ര നൽകി ആദരിക്കുകയാണ്. മാതൃരാജ്യത്തിനായി കാണിച്ച അസാമാന്യ ധൈര്യത്തിന് ഇതിൽ കൂടുതൽ എന്ത് ആദരവാണ് ഭാരതത്തിന് നൽകാനുള്ളത്.
Discussion about this post